* ജില്ലാ കളക്ടർ പൊന്നാട അണിയിച്ച് ആദരിച്ചു

പത്തനംതിട്ട – മോളെന്നെ കാണാൻ വന്നതിൽ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരൻ രക്ഷിക്കും എന്നു ജില്ലാ കളക്ർ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോൾ ശോശാമ്മ സക്കറിയയുടെ കണ്ണുകളിൽ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം 100 വയസു കഴിഞ്ഞ വോട്ടർമാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ചന്ദനപ്പള്ളി കോട്ടപ്പുറത്ത് വീട്ടിൽ ശോശാമ്മ സക്കറിയ (101)യുടെ വീട്ടിൽ കളക്ടർ നേരിട്ടെത്തിയത്. കുട്ടികളെപ്പോലെ സന്തോഷവതിയായിരുന്നു ശോശാമ്മ. മരിച്ചു പോയ ഭർത്താവ് ചാക്കോസക്കായിയും താനും കർഷകരായിരുന്നെന്നും, മക്കൾ മൂന്നു പേരും എക്‌സ് സർവീസ്മാൻമാരായിരുന്നുവെന്നും, കുട്ടികളെ മികച്ച രീതിയിൽ വളർത്തി പഠിപ്പിച്ചുവെന്നും പറയുമ്പോൾ ശോശാമ്മയ്ക്ക് അഭിമാനം. തന്റെ നൂറു വർഷത്തെ കഥകൾ ചിരിച്ചും ചിന്തിപ്പിച്ചും അമ്മ പറഞ്ഞു കൊണ്ടേയിരുന്നു. കുട്ടികളുടെ കൗതുകത്തോടെ കളക്ടർ അതു കേട്ടിരുന്നു. മൂന്നു മക്കൾ, അവരുടെ മരുമകൾ, അഞ്ചു കൊച്ചു മക്കൾ, അവരുടെ മക്കൾ എന്നിങ്ങനെ നാലു തലമുറയെ കണ്ടു ജീവതം തുടരുകയാണ് ശോശാമ്മ.

ഓരോ രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയുമാണ് അടുത്ത തലമുറ നല്ല രീതിയിൽ ജീവിക്കാനാവുന്ന തരത്തിലുള്ള സ്ഥിതിയിലെത്തുന്നത്. അതിനാൽത്തന്നെ ജീവിതത്തിന്റെ സായാഹ്ന ഘട്ടത്തിലേക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങാകേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് കളക്ടർ പറഞ്ഞു. പൊന്നാട അണിയിച്ച് ആദരിച്ച കളക്ടർ ശോശാമ്മയോടെപ്പം കേക്കുമുറിച്ച് മധുരം പങ്കിട്ടു. ശോശാമ്മയെ മാറോടണച്ച് മുത്തവും നൽകി മാതൃവാത്സല്യവും നുകർന്നാണ് കളക്ടർ മടങ്ങിയത്.

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, അടൂർ തഹസീൽദാർ ജോൺ സാം, ഡെപ്യൂട്ടി തഹസീൽദാർ സജീവ്, വില്ലേജ് ഓഫീസർ ജോസഫ് ജോർജ്, ബി എൽ ഒ വി. ബീന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.



