അർജന്റീന ടീമിന്റെ വരവ് : ‘സർക്കാരിന് ഒരു സാമ്പത്തിക ബാധ്യതയുമില്ല ; മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ

Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത് പൂർണ്ണമായും സർക്കാർ നടപടിക്രമങ്ങൾ പാലിച്ചാണെന്നും, ഇതിൽ സംസ്ഥാന സർക്കാരിന് ഒരു രൂപയുടെ പോലും സാമ്പത്തിക ബാധ്യതയോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാരിനെതിരെ അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നവർക്ക് ശക്തമായ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയത്.

*വി. അബ്ദുറഹിമാൻ വ്യക്തമാക്കിയ പ്രധാന കാര്യങ്ങൾ:

കരാറും സാമ്പത്തിക ബാധ്യതയും: മത്സരവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷനും (എ.എഫ്.എ) സ്വകാര്യ നിക്ഷേപകരും (സ്പോൺസർ) തമ്മിലാണ് കരാറൊപ്പിട്ടത്. കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെയും റിസർവ് ബാങ്കിന്റെയും പൂർണ്ണ അനുമതിയോടെ പൊതുമേഖലാ ബാങ്ക് വഴിയാണ് സാമ്പത്തിക ഇടപാടുകൾ നടന്നത്.

കായികവകുപ്പിന്റെ പങ്ക്: കായിക വകുപ്പ് സെക്രട്ടറിയുടെ ഔദ്യോഗിക അപേക്ഷ പ്രകാരമാണ് കേന്ദ്ര മന്ത്രാലയങ്ങൾ അനുമതി നൽകിയത്. അതിനാൽ കായികവകുപ്പ് ഇത് അറിഞ്ഞില്ലെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്.

സ്റ്റേഡിയം കൈമാറ്റ ആരോപണം: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കുന്നതിനായി സ്പോൺസർക്ക് കൈമാറിയെന്ന വാദം തെറ്റാണ്. മത്സരത്തിനായി സ്റ്റേഡിയം സജ്ജമാക്കുന്ന ചെലവ് സ്പോൺസർ വഹിക്കണമെന്ന വ്യവസ്ഥ മാത്രമാണുണ്ടായിരുന്നത്. സ്റ്റേഡിയത്തിന്മേൽ സ്പോൺസർക്ക് യാതൊരു അവകാശവും നൽകിയിട്ടില്ലെന്ന് ഭരണസമിതിയും വ്യക്തമാക്കിയിട്ടുണ്ട്.

സ്പോൺസർ തിരഞ്ഞെടുപ്പ്: മത്സരത്തിന്റെ പൂർണ്ണ സാമ്പത്തിക ബാധ്യതയും സ്പോൺസറാണ് വഹിക്കേണ്ടതെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ആദ്യം നിശ്ചയിച്ചവർ പിന്മാറിയതിനെ തുടർന്നാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി നിശ്ചയിച്ചതും അവർ കരാറിലേർപ്പെട്ടതും.

വിദേശ സഹകരണവും കായിക വികസനവും: സ്പെയിനിലെ മാഡ്രിഡിൽ വെച്ച് നടന്ന ചർച്ചകളിൽ അർജന്റീന ടീമിന്റെ വരവ് കൂടാതെ സോക്കർ സ്കൂളുകൾ, അക്കാദമികൾ, പരിശീലകർക്കുള്ള പരിശീലനം, ലാ ലിഗയുമായുള്ള സഹകരണം എന്നിവയും വിഷയമായിരുന്നു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ക്യൂബ, നെതർലൻഡ്സ്, ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് വിവിധ കായിക പദ്ധതികൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

സർക്കാരിന്റെ വീഴ്ചകൾ മറച്ചുപിടിക്കാനും രാഷ്ട്രീയ ലാഭത്തിനുമായി എൽ.ഡി.എഫ് സർക്കാരിനെതിരെ ഉന്നയിക്കുന്ന ഇത്തരം ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്ന് വി. അബ്ദുറഹിമാൻ കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *