പത്തനംതിട്ട: നഗരസഭ പതിനാറാം വാർഡിൽ ആനപ്പാറ മുക്കുഴി പാലത്തിന് സമീപമുള്ള വയലിൽ അനധികൃതമായി മാലിന്യങ്ങൾ തള്ളി പ്രദേശം മലിനമാക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.
പ്രദേശവാസിയും സാമൂഹ്യ പ്രവർത്തകനുമായ സി. റഷീദ് ആനപ്പാറയാണ് ഇത് സംബന്ധിച്ച് പരാതി സമർപ്പിച്ചത്.
ആനപ്പാറ മുക്കുഴി പാലത്തിന് സമീപമുള്ള വയലിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും മറ്റ് ജൈവ-അജൈവ മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നത് മൂലം പ്രദേശം കടുത്ത പാരിസ്ഥിതിക മലിനീകരണത്തിന് ഇരയായി ക്കൊണ്ടിരിക്കുകയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. വയൽ നികത്തിയെടുക്കുന്നതിന്റെ ദുരുദ്ദേശ്യത്തോടെ ബോധപൂർവം നടപ്പിലാക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് ഇവിടെ മാലിന്യങ്ങൾ തള്ളുന്നത്. നിരവധി തവണ നഗരസഭ അധികൃതരെ നേരിട്ടും ഫോണിലൂടെയും വിവരം അറിയിച്ചതിനെ തുടർന്ന് ഹരിതകർമസേനയുടെയും നഗരസഭയുടെയും നേതൃത്വത്തിൽ ഇവിടെനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്തിട്ടുള്ളതാണ്. എന്നാൽ, അധികൃതരുടെ കണ്ണുവെട്ടിച്ച് വീണ്ടും ഇവിടെത്തന്നെ മാലിന്യങ്ങൾ കൊണ്ടിട്ട് നിക്ഷേപിക്കുന്ന സാഹചര്യം തുടരുകയാണ്. വീടിന് ചുറ്റുമുള്ള ചില താമസക്കാരും ഈ പൊതുസ്ഥലത്താണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.
ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾ: പകർച്ചവ്യാധികൾ: പ്ലാസ്റ്റിക് മാലിന്യങ്ങളിലും ചപ്പുചവറുകളിലും മഴവെള്ളം കെട്ടിക്കിടന്ന് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുകൾ പെരുകുന്നു. ഇത് ജലജന്യ രോഗങ്ങൾ പടരാനും ഇടയാക്കുന്നു. ശ്വാസകോശ പ്രശ്നങ്ങൾ: മാലിന്യങ്ങൾ അഴുകുമ്പോഴും പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ ഇവിടെയിട്ട് കത്തിക്കുമ്പോഴും ഉണ്ടാകുന്ന വിഷപ്പുകയും ദുർഗന്ധവും കാരണം പ്രദേശവാസികൾക്ക് ശ്വാസതടസ്സം, ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ജലമലിനീകരണം: വയലിൽ തള്ളുന്ന മാലിന്യങ്ങളിൽ നിന്നുള്ള ദ്രാവകങ്ങൾ ഭൂഗർഭജലത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രദേശത്തെ കിണർവെള്ളം മലിനമാകാനും ചർമ്മരോഗങ്ങൾ പിടിപെടാനും ഇത് കാരണമാകുന്നുണ്ട്. കേരളാ മുൻസിപ്പാലിറ്റി ആക്ട് പ്രകാരവും ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രകാരവും പൊതുസ്ഥലങ്ങളിലും വയലുകളിലും മാലിന്യങ്ങൾ തള്ളുന്നത് കുറ്റകരമാണ്.
ആയതിനാൽ, പ്രസ്തുത പ്രദേശത്തെ മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുന്നതിനും, ഭാവിയിൽ ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് തടയാൻ മുന്നറിയിപ്പ് ബോർഡുകളും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിനും, കുറ്റക്കാർക്കെതിരെയും വയൽ ഉടമയ്ക്കെതിരെയും കർശന നിയമനടപടികളും പിഴ ഈടാക്കലും അടിയന്തരമായി നടപ്പിലാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


