പത്തനംതിട്ട – സെൻസസുമായി ബന്ധപ്പെട്ട് സെൽഫ് എന്യുമറേഷൻ പത്തനംതിട്ട ജില്ലയിൽ ആരംഭിച്ചു. ജില്ല കലക്ടർ എ നിസാമുദ്ദീൻ, പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ, അടൂർ, തിരുവല്ല നഗരസഭ അധ്യക്ഷരായ റീന ശാമുവൽ, എസ് ലേഖ, ജനപ്രതിനിധികൾ തുടങ്ങിയവർ സ്വയം വിവരം നൽകി സെൻസസ് പ്രക്രിയയിൽ പങ്കാളിയായി. ജൂൺ 30 വരെ പൊതുജനങ്ങൾക്ക് സ്വയം വിവരം നൽകാം. ഈ അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ല കലക്ടർ എ നിസാമുദ്ദീൻ അഭ്യർഥിച്ചു. പൂർണമായും സാങ്കേതിക വിദ്യയിൽ ഊന്നിയ രാജ്യത്തെ ആദ്യ സെൻസസാണ്. പൊതുജനങ്ങൾ നൽകുന്ന വിവരങ്ങളിലൂടെയാണ് രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും സ്ഥായിയായ വികസനം ഉറപ്പാക്കുന്നതും. സെൻസസിൽ കൃതമായ വിവരം നൽകുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്നും ജില്ല കലക്ടർ പറഞ്ഞു.
സ്വന്തമായി വിവരങ്ങൾ വീട്ടിലിരുന്ന് ചെയ്യാവുന്ന സൗകര്യമാണ് സെൽഫ് എന്യുമറേഷനിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് ബ്യെനാമിൻ പറഞ്ഞു. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിവയിലൂടെ വളരെ ലളിതമായി വിവരങ്ങൾ നൽകാം. സ്വന്തം വിവരങ്ങൾ സമർപ്പിച്ച് രാജ്യത്തിന്റെ മുന്നോട്ടുള്ള വളർച്ചയിൽ ഓരോ പൗരനും ഭാഗമാകണമെന്ന് അദ്ദേഹം നിർദേശിച്ചു.
ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റർ വീടുകളിൽ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് ജൂൺ 30 വരെ സെൽഫ് എന്യുമറേഷൻ ചെയ്യാം. ജൂലൈ ഒന്നു മുതൽ 30 വരെയാണ് ഭവനപട്ടികപ്പെടുത്തൽ. രാജ്യത്തെ 16- മത് ജനസംഖ്യ കണക്കെടുപ്പ് 2026-27 വർഷങ്ങളിൽ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഭവനപട്ടികപ്പെടുത്തൽ സംസ്ഥാനത്ത് ജൂലൈ ഒന്നിന് ആരംഭിക്കും.
സ്വയം വിവരങ്ങൾ നൽകേണ്ട വിധം
https://se.census.gov.in പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യുക. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക. ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാർക്കർ’ ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരം പരിശോധിച്ച് ഫൈനൽ സബ്മിറ്റ് നൽകുക.
വിവരങ്ങൾ വിജയകരമായി നൽകി കഴിഞ്ഞാൽ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ്-ഇന്യൂമറേഷൻ ഐഡി (എസ് ഇ ഐഡി) ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി കൈമാറിയാൽ മതി. ഇതോടെ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂൺ 30 നകം വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് സെൽഫ്-ഇന്യൂമറേഷൻ പൂർത്തിയാക്കാൻ കഴിയില്ല. സമർപ്പിക്കാത്തവരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി ശേഖരിക്കും. കൂടുതൽ വ്യക്തതയ്ക്ക് പോർട്ടലിൽ യൂസർ ഗൈഡും ലഭിക്കും.


