പത്തനംതിട്ട -മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവൽക്കരണ ദിനാചരണം സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുമ്പനാട് ധർമഗിരി മന്ദിരത്തിൽ സംഘടിപ്പിച്ചു. അബിൻ വർക്കി എം എൽ എ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷനായി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ജൂലി സാബു ഓലിക്കൽ ദിനാചരണ സന്ദേശം നൽകി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തി. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഈപ്പൻ, ജില്ലാ സാമൂഹിക നീതി ഓഫീസർ ജെ ഷംലാ ബീഗം, എൻ എസ് എസ് ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ജി രാജശ്രീ, വയോജന കമ്മിറ്റി അംഗം ബി ഹരികുമാർ, കുമ്പനാട് ധർമ്മഗിരി മന്ദിരം സൂപ്രണ്ട് റവ. കെ എസ് മാത്യൂസ് എന്നിവർ പങ്കെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് ‘മുതിർന്ന പൗരൻമാരും നിയമ സംരക്ഷണവും’ എന്ന വിഷയത്തിൽ അഡ്വ. റ്റി എസ് മോഹനനും ‘ശരിയായ ഭക്ഷണം, മികച്ച ആരോഗ്യം, സന്തോഷകരമായ ജീവിതം’ എന്ന വിഷയത്തിൽ തിരുവല്ല ജില്ല ആശുപത്രി ഡയറ്റീഷ്യൻ സ്മിതയും ബോധവത്കരണ ക്ലാസ് നയിച്ചു. മൗണ്ട് സിയോൺ നിയമ കലാലയം എൻ എസ് എസ് യൂണിറ്റ് വോളന്റിയേഴ്സ് സ്നേഹ തണൽ എന്ന ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. തിരുവല്ല മാക്ക് ഫാസ്റ്റ് കോളജ്, പത്തനംതിട്ട കാത്തലിക്കേറ്റ് കോളജ് എൻഎസ്എസ് യൂണിറ്റുകൾ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു


