സ്ത്രീകളുടെ സൗജന്യ യാത്ര ; പൊതു ഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകൾ.

Eranakulam
Print Friendly, PDF & Email

അങ്കമാലി: കെ എസ് ആർ ടി സി ബസുകളിൽ സംസ്ഥാന വ്യാപകമായി സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമ്പോൾ അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലകളിലെയും സ്വകാര്യ ബസ്സുകൾ വൻ പ്രതിസന്ധിയിലാകും. ഡീസലിന് 8 രൂപ വർദ്ധിച്ചതും അന്യ സംസ്ഥാന തൊഴിലാളികൾ തിരികെ എത്താത്തതും സൃഷ്ടിക്കുന്ന പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് സ്ത്രീകളുടെ സൗജന്യയാത്രയുടെ പ്രഖ്യാപനവും ഉണ്ടായത്. നിലവിൽ സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യുന്നതിൽ 60%ത്തിലധികം സ്ത്രീയാത്രക്കാരാണെന്നതിനാൽ ഈ തീരുമാനം സ്വകാര്യബസ്സുകളെ ഏറെ ദോഷകരമായി ബാധിക്കും. കുടുംബത്തോടൊത്ത് യാത്ര ചെയ്യുന്ന പുരുഷന്മാരും സ്വാഭാവികമായും കെ എസ് ആർ ടി സി യിലേക്ക് കൂടുമാറും. അധ്യയന വർഷം ആരംഭിച്ചതോടെ നാമമാത്രമായ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും എത്തിയതോടെ ഡീസൽ അടിക്കാനും ജീവനക്കാർക്ക് കൂലി കൊടുക്കുവാനുമുള്ള കളക്ഷൻ പോലും ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.

ഇപ്പോൾ കെ എസ് ആർ ടി സി ഓടുന്ന റൂട്ടുകൾ കൂടാതെ തങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഉൾപ്രദേശങ്ങളിലേക്ക് അധികമായി കെഎസ്ആർടിസിയുടെ ട്രിപ്പുകൾ അനുവദിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും.
അങ്കമാലി ടൗണിൽ എന്ന പോലെ കാലടി, പെരുമ്പാവൂർ, ആലുവ, പറവൂർ എന്നീ പട്ടണങ്ങളിലെല്ലാം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കാലടി ശ്രീശങ്കരാ പാലത്തിലെ കുഴികൾ വലുതായതിനെ തുടർന്ന് ഒരാഴ്ചയായി മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ്. ഗതാഗതക്കുരുക്കുമൂലം ട്രിപ്പുകൾ പൂർത്തിയാക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല യാത്രക്കാരുമായി നിരന്തരം തർക്കങ്ങളും ഉണ്ടാകുന്നതോടൊപ്പം കൂടുതൽ അളവ് ഡീസലും അടിക്കേണ്ടിവരുന്നു. ട്രാഫിക് അഡ്വൈസറി കമ്മിറ്റികൾ ചേർന്ന് എടുക്കുന്ന തീരുമാനങ്ങൾ കർശനമായും നടപ്പാക്കാത്തതുകൊണ്ടാണ് ഇത്രയേറെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.

ഡീസൽ വില വർദ്ധനവിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എറണാകുളം ജില്ലയിലെ ബസ്സുടമകളുടെ പ്രതിഷേധം മാർച്ചും ധർണയും 8/6/2026 തിങ്കളാഴ്ച രാവിലെ 10 .30 ന് ആലുവ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തും. അൻവർ സാദത്ത് എം എൽ എ ധർണ ഉദ്ഘാടനം ചെയ്യും.

കെ എസ് ആർ ടി സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പിലാക്കുന്നതിന് മുമ്പ് സ്വകാര്യബസ്സുകളുടെ നിലനിൽപ്പിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി .എം. ജോൺ എന്നിവർക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാർ മേൽ തീരുമാനവുമായി മുന്നോട്ടു പോയാൽ സ്വകാര്യ ബസ്സുകൾ ഒന്നൊന്നായി നിരത്തൊഴിയേണ്ടി വരുമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് എ. പി.ജിബി സെക്രട്ടറി ബി.ഓ.ഡേവിസ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *