അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രൗഡ് ഓഫ് യു.എ.ഇ സെലിബ്രേഷൻ പരിപാടി ജൂൺ 13ന്

World
Print Friendly, PDF & Email

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ (IIC) “പ്രൗഡ് ഓഫ് യു.എ.ഇ സെലിബ്രേഷൻ” എന്ന പ്രത്യേക പരിപാടി 2026 ജൂൺ 13 ശനിയാഴ്ച വൈകുന്നേരം 7:00 മുതൽ അബുദാബി IIC ഹാളിൽ നടക്കും.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ അസാധാരണമായ വികസന നേട്ടങ്ങളെ ആദരിക്കുകയും, രാജ്യത്തിന്റെ പുരോഗതിയെ ശക്തിപ്പെടുത്തുന്ന ഐക്യം, സഹിഷ്ണുത, സഹവാസം, നവീകരണം എന്നീ അടിസ്ഥാന മൂല്യങ്ങളെ ആഘോഷിക്കുകയും ചെയ്യുകയാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ സമാധാനത്തോടെയും പരസ്പര ബഹുമാനത്തോടെയും ഒരുമിച്ച് ജീവിക്കുന്ന യു.എ.ഇയുടെ സമൃദ്ധമായ ബഹുസാംസ്കാരിക പൈതൃകത്തിന് സ്നേഹവും കൃതജ്ഞതയും അർപ്പിക്കുന്ന, ഒരു ഉന്നത നിലവാരത്തിലുള്ള സാംസ്കാരിക അനുഭവമായി ഈ പരിപാടി മാറും.

“യു.എ.ഇയുടെ വളർച്ചയും നേതൃത്വവും ലോകത്തിന് തന്നെ ഒരു മാതൃകയാണ്. ഇവിടെ ജീവിക്കുന്ന എല്ലാ സമൂഹങ്ങൾക്കും ഇടയിലെ സൗഹൃദം കൂടുതൽ ശക്തമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ഒരു ആഘോഷം മാത്രമല്ല, നമ്മൾ പങ്കിടുന്ന ഐക്യത്തിന്റെയും സഹജീവിതത്തിന്റെയും ഒരു ഓർമ്മപ്പെടുത്തലുമാണ്.” എന്ന് പ്രസിഡന്റ് അബ്ദുൽ റൗഫ് അഹ്സാനി പറഞ്ഞു. “വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഒരുമിച്ച് ജീവിക്കുന്ന ഈ രാജ്യത്ത്, നമ്മൾ പങ്കിടുന്ന സൗഹൃദവും മനുഷ്യത്വവും ആണ് ഏറ്റവും വലിയ ശക്തി. അതിനെ ആഘോഷിക്കാനാണ് ഈ പരിപാടി,” അദ്ദേഹം കൂട്ടിച്ചേർത്തു

പരിപാടിയിൽ ഹിസ് ഹൈനെസ് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ -യു എ ഇ സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി, ഹിസ് എക്സലൻസി ഷാമിസ് അലി ഖൽഫാൻ അൽ ദാഹിരി, ചെയർമാൻ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ്, ഹിസ് എക്സലൻസി ഡോ. ദീപക് മിത്തൽ, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ, ഹിസ് എക്സലൻസി പ്രൊഫ. ജമാൽ സനദ് അൽ സുവൈദി, വൈസ് ചെയർമാൻ, എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് (ECSSR), , പത്മശ്രീ ഡോ. യൂസഫലി എം.എ. ചീഫ് പാട്രൺ, അബുദാബി IIC, ലുലു ഗ്രൂപ്പ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, ഷെയ്ഖ് അലി അൽ ഹാഷിമി, യുഎഇ പ്രസിഡന്റിന്റെ മത ഉപദേഷ്ടാവ്, അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ, പി ബാവ ഹാജി കൂടാതെ നിരവധി സർക്കാർ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും .


ഈ പരിപാടിയുടെ ഭാഗമായി ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക–സംഗീത നിശയും ഉണ്ടായിരിക്കും. സംഗീതം, നൃത്തം, കലാപ്രകടനങ്ങൾ എന്നിവയിലൂടെ രണ്ട് സംസ്കാരങ്ങളുടെയും സൗന്ദര്യം ഒരുമിച്ച് അവതരിപ്പിക്കും.

പ്രശസ്ത ഗായകൻമാരായ അബിദ് കണ്ണൂർ, ആദിൽ അത്തു എന്നിവർ ഉൾപ്പെടെയുള്ള കലാകാരന്മാർ ഈ സായാഹ്നത്തിൽ ഗാന വിരുന്നൊരുക്കും .ഇൻഡോ–അറബ് സംഗീതത്തിന്റെ സമന്വയത്തോടെ ഒരുക്കുന്ന ഈ പരിപാടി പ്രേക്ഷകർക്ക് മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ചടങ്ങിൽ വെച്ച് സെന്റർ അങ്ങൾക്കായുള്ള മൊബൈൽ ആപ്പ് ലോഞ്ചിങ് നടക്കും. മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സെന്റർ ഓഫീസുമായി ബന്ധപ്പെടുക 02-6424488

യു.എ.ഇയുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്നതിനൊപ്പം, ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു മനോഹരമായ സാംസ്‌കാരിക വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

അബ്ദുൽ റൗഫ് അഹ്സനി (പ്രസിഡന്റ്), അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), യു. അബ്ദുള്ള ഫാറൂഖി (സീനിയർ ലീഡർ), വി.പി.കെ. അബ്ദുള്ള (വൈസ് പ്രസിഡന്റ്), അസീസ് കാളിയാടാൻ (ട്രഷറർ), അബ്ദുള്ള നദ്‌വി (അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി), അബ്ദുൽ ബാസിത് കായക്കണ്ടി (പ്രോഗ്രാം ചീഫ് കോർഡിനേറ്റർ), സലിം നാട്ടിക (ജനറൽ കൺവീനർ), ഹൈദർ ബിൻ മൊയ്ദു, അഷ്‌റഫ് നജാത്ത്, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *