ബഡ്സ് സ്കൂൾ കുട്ടികൾക്ക് വിത്ത് പേനയും വായനാ കിറ്റും വിതരണം ചെയ്തു.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രീയ യുവജനതാദൾ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. മലയാലപ്പുഴ ബഡ്സ് സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സ്വന്തം കൈകളാൽ തയ്യാറാക്കിയ വിത്ത് പേനകൾ വെട്ടൂർ എം.എസ്.സി.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെയും സ്വയംപര്യാപ്തതയുടെയും സന്ദേശം ഒരുപോലെ പകരുന്ന ഈ സംരംഭം സമൂഹത്തിന് മാതൃകയായി.

വിത്ത് പേനകൾക്കൊപ്പം മലയാള മനോരമ നൽകിയ കുട്ടികൾക്കായുള്ള വായനാ കിറ്റുകളും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം സിനിമ സംവിധായകൻ പ്രശാന്ത് ബി മോളിക്കൽ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഞ്ചു എസ്. അരവിന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുധികുമാർ, സ്കൂൾ പ്രഥമ അദ്ധ്യാപിക ആലീസ് ദാനിയേൽ, അദ്ധ്യാപകർ ആയ സിനുമോൾ തോമസ്, ജെസ്‌ന അന്ന തോമസ്, ആശ കെ. സോമൻ എന്നിവർ സംസാരിച്ചു.

മലയാലപ്പുഴ ബഡ്സ് സ്കൂളിലെ കുട്ടികൾ പരിമിതികളെ മറികടന്ന് സ്വന്തം കഴിവും സർഗാത്മകതയും സമൂഹത്തിന് മുന്നിൽ തെളിയിച്ചുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അവർ തയ്യാറാക്കിയ വിത്ത് പേനകൾ ഒരു സാധാരണ പഠനോപകരണം മാത്രമല്ല, പ്രതീക്ഷയും പരിസ്ഥിതി ബോധവും നട്ടുവളർത്തുന്ന സന്ദേശവാഹകരാണെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണവും വായനാശീല പ്രോത്സാഹനവും ഒരുമിപ്പിച്ച ഈ പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രചോദനമായി.

Leave a Reply

Your email address will not be published. Required fields are marked *