തിരുവനന്തപുരം – കലാകാരന്മാർക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ കേരളത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നടൻ സലീം കുമാർ രോഗബാധിതനായി വെന്റിലേറ്ററിൽ കഴിഞ്ഞ സമയത്ത് അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നടന്ന സൈബർ ആക്രമണങ്ങൾ മനുഷ്യത്വരഹിതമാണ്. രാഷ്ട്രീയത്തിന്റെ പേരിൽ കലാകാരന്മാരെ ഇത്തരത്തിൽ ആക്രമിക്കുന്നത് കേരളത്തിന് യോജിച്ചതല്ല. വർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്ത വ്യക്തികൾ മരിക്കുമ്പോൾ വീടുകളിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ തിരക്കു കാരണം കുടുംബാംഗങ്ങൾക്ക് മരണാനന്തര കർമ്മങ്ങൾ ചെയ്യാനോ, പോലീസിന് ഔദ്യോഗിക ബഹുമതി നൽകാനോ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഇതൊന്നും നമ്മുടെ നാടിന്റെ സംസ്കാര രീതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിലെ ഗൺമാൻ കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ച സംഭവം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോടതിയുടെ ദൈനംദിന നടപടിക്രമങ്ങളിലോ വിധികളിലോ സർക്കാരിന് നേരിട്ട് അഭിപ്രായം പറയാനാകില്ല. എന്നാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ ഇടയായ സാഹചര്യങ്ങൾ വിലയിരുത്തുമെന്നും സർക്കാരിന് മുന്നിലുള്ള മറ്റ് നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച പുതിയ റെയിൽവേ പദ്ധതിക്ക് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ സാമ്പത്തിക, പാരിസ്ഥിതിക, സാങ്കേതിക വശങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻകാല സിൽവർ ലൈൻ പദ്ധതിയെപ്പോലെ ഇത് കേരളത്തിന്റെ പരിസ്ഥിതിക്ക് ദോഷകരമാണോയെന്ന് സമിതി വിശദമായി പരിശോധിക്കുമെന്നും മൂന്നാഴ്ചയ്ക്കകം സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷമേ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ മുൻ സർക്കാർ മന്ത്രിസഭയെ പോലും അറിയിക്കാതെയാണ് ഒപ്പുവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ തലത്തിൽ ഒപ്പുവെച്ച കരാറിലെ നിയമപരമായ ബാധ്യതകൾ നിലവിലെ സർക്കാർ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
വഖഫ് ഭൂമി വിഷയത്തിൽ സമരസമിതിയുൾപ്പെടെ വിവിധ വിഭാഗങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും പഠനങ്ങൾക്ക് ശേഷമേ തീരുമാനമുണ്ടാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർവകലാശാല നിയമനങ്ങളിൽ ഗവർണറുടെ ഇടപെടലുകൾ പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം വെറും പത്ത് ദിവസം കൊണ്ടാണ് തയ്യാറാക്കിയത്, അതിനായി എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഭരണനിർവഹണം ശക്തിപ്പെടുത്തുന്നതിനായി സർക്കാർ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും ഇതിനായുള്ള പഠനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ 2018-ൽ മുൻ സർക്കാർ കൊണ്ടുവന്നതാണെന്നും ആ ഉത്തരവ് പിൻവലിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.ഡി. കേസുകളിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു.


