സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര; പ്രിയദർശിനി’ പദ്ധതിയ്ക്ക് 15 ന് തുടക്കം

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിയ്ക്ക് വരുമാന, പ്രായ നിബന്ധനകളില്ല.
. സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമയി ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂൺ 15 മുതൽ നടപ്പിലാകും. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും പ്രതിവർഷം 750 മുതൽ 800 കോടി രൂപ വരെയും വരുമാനക്കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക സർക്കാർ കെ.എസ്.ആർ.ടി.സിക്ക് അനുവദിക്കും. നിലവിൽ ശമ്പളവും പെൻഷനും നൽകുന്നതിനായി സർക്കാർ നൽകുന്ന വാർഷിക തുകയായ 1500 കോടി രൂപയ്ക്ക് പുറമെയായിരിക്കും ഈ അധിക സഹായം.

അടുത്ത ആറുമാസത്തിനുള്ളിൽ വരുമാനം വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങൾ വാങ്ങുക, സർവീസുകളുടെ എണ്ണം വർധിപ്പിക്കുക, പരസ്യ വരുമാനം കൂട്ടുക തുടങ്ങിയ നടപടികൾ കെ.എസ്.ആർ.ടി.സി സ്വീകരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് പ്രിയദർശിനി പദ്ധതിയുടെ രണ്ടാംഘട്ടം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ പ്രവർത്തനം എല്ലാ മാസവും വിലയിരുത്തും. മലബാർ മേഖലയിലെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളുടെ കുറവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ച് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കും. ഓരോ ജില്ലയിലും എത്ര സ്ത്രീകൾ ഓർഡിനറി ബസുകളിൽ പ്രതിദിനം യാത്ര ചെയ്യുന്നുവെന്നത് സംബന്ധിച്ചും വിശദമായ പഠനം നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹൈക്കോടതിയിൽ സ്റ്റേറ്റ് അറ്റോർണിയായി അഡ്വ. അനൂപ് വി. നായരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ, സീനിയർ ഗവൺമെന്റ് പ്ലീഡർ, ഗവൺമെന്റ് പ്ലീഡർ എന്നീ തസ്തികകളിലായി 40 ഓളം പുതിയ നിയമനങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *