പത്തനംതിട്ട – ചെങ്ങന്നൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഡ്രൈവറെ ബസ് തടഞ്ഞുനിർത്തി ബസ്സിൽ കയറി വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള എരുമക്കാട് സ്വദേശി പാലനിൽക്കുന്ന കാലായിൽ വീട്ടിൽ ശ്രീജിത്ത് (39) നെയാണ് ആറന്മുള പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെയും പത്തനംതിട്ട ജില്ലാ ഡാൻസാഫ് ടീമിന്റെയും സംയുക്തമായ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പത്തനംതിട്ടയിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ആറന്മുള തെക്കേമല സ്വദേശി ശ്രീജീവ് (35). പ്രതിയായ ശ്രീജിത്തിന്റെ ഭാര്യയുമായി ശ്രീജീവിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതേ കാര്യത്തിന് പ്രതി ശ്രീജിത്ത് ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇരു കൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ച് ഒത്തുതീർപ്പാക്കി രമ്യതയിൽ പരിഹരിച്ച് പോവുകയും ചെയ്തിരുന്നതാണ്. എന്നാൽ തുടർന്നും വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച പ്രതി 23.4.2026 തീയതി രാവിലെ 10.30 ഓടെ പത്തനംതിട്ടയിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ശ്രീജീവ് ഓടിച്ച സ്വകാര്യ ബസ് ആറന്മുള മാലക്കരക്ക് സമീപം ചക്കിട്ടപ്പടി എന്ന സ്ഥലത്ത് കൈ കാണിച്ച് തടഞ്ഞുനിർത്തുകയും ബസിനുള്ളിൽ കയറി ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ശ്രീജീവിനെ തലയ്ക്കും മുഖത്തും കൈകളിലും പുറത്തും വെട്ടിയും കുത്തിയും മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തുനിന്നും ഒരു ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ അന്വേഷിച്ച് കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് തിരച്ചിൽ നടത്തി വരികയായിരുന്നു. അന്തർ സംസ്ഥാന ലോറി ഡ്രൈവർ ആയ പ്രതി അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നു കളയാതിരിക്കാൻ പ്രത്യേകം അന്വേഷണസംഘം ജാഗ്രത പുലർത്തി.
തുടർന്ന് ശനിയാഴ്ചയോടെ ആലപ്പുഴയിൽ നിന്നും പ്രതിയെ പിടികൂടി. പ്രത്യേക അന്വേഷണ സംഘ അംഗങ്ങളായ ഇൻസ്പെക്ടർ SHO സജു V , SI നിയാസ് , പോലീസ് ഉദ്യോഗസ്ഥരായ അനിൽ, ഉമേഷ്, ശിവപ്രസാദ്, കിരൺ,മനു എന്നിവരും ജില്ലാ ഡാൻസഫ് S I മാരായ ഉണ്ണികൃഷ്ണൻ, അജികുമാർ, ഡാൻസാഫ് അംഗങ്ങളായ മിഥുൻ ജോസ്, ബിനു, സുജിത്കുമാർ, ഷെഫീഖ്, ജിതിൻ, വിമൽ, ശ്രീരാജ് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


