കോഴിക്കോട് – കലാനിലയം നാടകത്തിലെ ‘രക്തരക്ഷസ്’ ഇനി തെലുങ്കിൽ ആവേശത്തോടെ സംസാരിക്കും, കന്നഡയിൽ അട്ടഹസിച്ചു സംസാരിക്കും. ഏഷ്യയിലെ ഏറ്റവും വലിയ സ്ഥിരം നാടകവേദിയായ ഏരീസ് കലാനിലയം കഴിഞ്ഞ 53 വർഷമായി അവതരിപ്പിച്ചു വരുന്ന രക്തരക്ഷസ് നാടകം കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലടക്കം അവതരണത്തിനായി തയ്യാറെടുക്കുകയാണ്.
ഏപ്രിൽ 18 മുതൽ കോഴിക്കോട്ട് പൂർണമായും എയർകണ്ടീഷൻ ചെയ്തു നിർമിച്ച നാടകവേദിയിൽ അവതരിപ്പിച്ചു വരുന്ന രക്തരക്ഷസ് നാടകമാണ് കന്നഡയിലും തെലുങ്കിലും മൊഴിമാറ്റി അവിടെയും അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്. പ്രധാന വേഷമായ രക്തരക്ഷസ് ആയി ഇപ്പോൾ വേഷമിടുന്നത് മലയാളികളാണ്. വിദ്യാസമ്പന്നരായ ഈ കലാകാരികളോട് തെലുങ്കും, കന്നഡയും തമിളും അടക്കം പഠിക്കാൻ അഭ്യർത്ഥിച്ചിരിക്കുകയാണ് നാടക സമിതി.
കോഴിക്കോട്ടെ പ്രദർശനത്തിനുശേഷമാണ് തെലുങ്ക്, കന്നഡ മൊഴിമാറ്റവുമായി അയൽസംസ്ഥാനങ്ങളിലെ നാടകപ്രേമികളെ തേടി യാത്ര തിരിക്കാൻ ആലോചിക്കുന്നത്. വിദേശങ്ങളിലേക്കും നാടക അവതരണം ആവിശ്യപ്പെട്ട് നിരവധി അഭ്യർത്ഥനകൾ വരുന്നുണ്ട്. അതും എങ്ങനെ പരിഗണിക്കാം എന്ന ആലോചനയിലാണ് നാടക സമിതി.
സിനിമയിൽ ‘ബാഹുബലി’ പോലുള്ളവ ഇഷ്ടപ്പെടുന്ന ഇതരസംസ്ഥാനക്കാർക്ക് രക്തരക്ഷസ് നാടക അരങ്ങിലെത്തുമ്പോൾ പുത്തനനുഭവമാകും. പുതിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോൾ നാടകം അവതരിപ്പിക്കുന്നത്. സറൗണ്ട് സൗണ്ട് വിന്യാസമാണ് തീയേറ്ററിനുള്ളിൽ രക്തരക്ഷസിനുള്ളത്. തലയ്ക്കു മുകളിലൂടെ പറന്നിറങ്ങുന്ന വിമാനവും, സിനിമയിലെപ്പോലെ ഗാനരംഗങ്ങളിലടക്കം അതിവേഗം മാറുന്ന സീനുകളും ഒക്കെയായി ഒരു സിനിമയെ വെല്ലുന്ന രംഗസജ്ജീകരണങ്ങളുമായാണ് നാടകം അവതരിപ്പിക്കുന്നത്.
53 വർഷങ്ങൾക്കുമുൻപ് ആദ്യമായി വേദിയിലെത്തിയ നാടകം ഇക്കാലത്തും ഹൗസ്ഫുള്ളായി പേക്ഷകരെ ആകർഷിക്കുകയാണ് എന്നതിൽ അതിശയം ഉണ്ട്. ജഗതി എൻ.കെ.ആചാരിയുടെ രചനയിൽ കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത രക്തരക്ഷസിന് പുതിയ കാലഘട്ടത്തിനനുസരിച്ച് തിരുത്തിയാണ് കൃഷ്ണൻനായരുടെ മകൻ അനന്തപദ്മനാഭൻ വേദിയിലെത്തിച്ചിരിക്കുന്നത്. തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റി അവതരിപ്പിക്കുമ്പോൾ അവിടെയുള്ള നാടക കലാകാരൻമാരെയും രക്തരക്ഷസ്സിന്റെ ഭാഗമാക്കാനാണ് ആലോചിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന സഞ്ചാരികൾ ഉലപ്പെടെ നിരവധി പ്രേക്ഷകർ ഇപ്പോൾത്തന്നെ നാടകം കാണാൻ എത്തുന്നുണ്ട്. അവരുടെയൊക്കെ അഭ്യർത്ഥനകൾ കൂടി മാനിച്ചാണ് അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക മാറ്റങ്ങളോടെയാണ് നാടകം അവതരിപ്പിക്കാൻ കലാനിലയം തയ്യാറെടുക്കുന്നത്.
കോഴിക്കോട് നഗരത്തിൽ ടാഗോർ ഹാളിനു പിൻവശം കോൺവെന്റ് റോഡിലാണ് ഇപ്പോൾ കലാനിലയം നാടകവേദി. എല്ലാദിവസവും വൈകിട്ട് ആറിനും ഒൻപതിനും രണ്ട് അവതരണങ്ങളാണുള്ളത്. രാവിലെ 10 മുതൽ ഓഫിസിൽ നേരിട്ട് ടിക്കറ്റ് ബുക്കിങ്ങുണ്ട്. എരീസ് കലാനിലയത്തിന്റെ വെബ്സൈറ്റിലൂടെ ഓൺലൈൻ ആയും ബുക്ക് ചെയ്യാം.
www.arieskalanilayam.com MOB.874088850


