പത്തനംതിട്ട: ഓമല്ലൂരിലെ പെട്രോൾ പമ്പിൽ കുപ്പിയിൽ ഇന്ധനം നൽകിയില്ലെന്നാരോപിച്ച് ജീവനക്കാരനെ മർദിക്കുകയും പണം കവരുകയും ചെയ്ത കേസിൽ മൂന്നു യുവാക്കൾ റിമാൻഡിൽ. പ്രമാടം ളാക്കൂർ പുതുപ്പറമ്പിൽ സൂരജ് (19), ഓമല്ലൂർ ഐമാലി വിളാകം പുരയിടം പ്രേംജിത്ത് പ്രസാദ് (19), മണ്ണാറമല ഇലവുന്തറ പുത്തൻവീട്ടിൽ വിഷ്ണു ഭാസ്കരൻ (19) എന്നിവരാണ് അറസ്റ്റിലായത്. പമ്പ് ജീവനക്കാരൻ ചെന്നീർക്കര സ്വദേശി രഞ്ജിത്തിനാണ് മർദനമേറ്റത്. പ്രതികൾ ഹെൽമറ്റ് കൊണ്ട് രഞ്ജിത്തിനെ മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പെട്രോൾ വിൽപ്പന നടത്തിയ രണ്ടായിരത്തോളം രൂപ അപഹരിക്കുകയും ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ 12.30 നാണ് സംഭവം. പമ്പിൽ എത്തിയ പ്രതികൾ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെടുകയും ഇത് നൽകാൻ വിസമ്മതിച്ച രഞ്ജിത്തിനെ സംഘം ചേർന്ന് മർദ്ദിക്കുകയും കൈവശം ഉണ്ടായിരുന്ന പണം അപഹരിക്കുകയും ആയിരുന്നു. കേസെടുത്ത പത്തനംതിട്ട പോലീസ് അടുത്തദിവസം തന്നെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തു.
എസ്.എച്ച്.ഓ ജി. അരുൺ, എസ്.ഐമാരായ ബിനു മോഹൻ, ബിനോയ് ബേബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അൽസാം, വിജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ആഷർ, അനൂപ്, അനീഷ്, സുമൻ, ജിഷ്ണു എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


