ഡിജിറ്റൽ റവന്യൂ കാർഡ് ഫെബ്രുവരി 24 മുതൽ : മന്ത്രി കെ രാജൻ

Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – സർക്കാർ ആവിഷ്‌കരിച്ച ഡിജിറ്റൽ റവന്യു കാർഡ് ഫെബ്രുവരി 24 ന് കേരളത്തിന് സമർപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മെഴുവേലി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
വ്യക്തിയുടെ ഭൂമി സംബന്ധമായ എല്ലാ വിവരവും അടങ്ങിയ എടിഎം കാർഡിന്റെ മാതൃകയിലാണ് ചിപ്പും ക്യുആർ കോഡും യൂണിക് നമ്പരും ഉൾപ്പെട്ട റവന്യു കാർഡ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പട്ടയ മിഷൻ ആരംഭിച്ച് നാലര ലക്ഷം ജനങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റാനായി. അർഹരായ എല്ലാവരെയും ഭൂമിയുടെ അവകാശിക്കാളാക്കുകയാണ് സർക്കാർ ദൗത്യം. ഡിജിറ്റൽ റിസർവേയിലൂടെ 10 ലക്ഷത്തിലധികം ഭൂമി അളന്നു തിട്ടപ്പെടുത്തി.

ഭൂമിയുടെ വ്യവഹാരത്തിൽ അഴിമതി രഹിതമാക്കാൻ നടപടിക്രമം ക്രോഡീകരിക്കാനും നടപ്പിലാക്കാനും വകുപ്പിനായി. 21 സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപേക്ഷിക്കാനുള്ള സംവിധാനം ഒരുക്കി. സംസ്ഥാനത്ത് 673 വില്ലേജ് ഓഫീസുകൾ സ്മാർട്ടായെന്നും മന്ത്രി പറഞ്ഞു.
സ്മാർട്ട് വില്ലേജ് ഓഫീസുകൾക്ക് ജനസൗഹൃദ മുഖമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വില്ലേജ് ഓഫീസുകളെ ആധുനിക, ഡിജിറ്റൽ സംവിധാനങ്ങളോടെ നവീകരിക്കുന്ന ‘റവന്യൂ സ്മാർട്ട് ഓഫീസ്’ പദ്ധതി വലിയ മാറ്റത്തിന് വഴിയൊരുക്കി. ഇ-ഓഫീസ്, ഓൺലൈൻ അപേക്ഷാ സൗകര്യം, ഫയൽ ട്രാക്കിംഗ് എന്നിവയിലൂടെ ജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും സേവനം ലഭ്യമാക്കാൻ സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ, എഡിഎം ബി ജ്യോതി, ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാർ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എ നെജോമോൻ, അംഗം വി ആർ സജികുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധി റ്റി വി സ്റ്റാലിൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *