പള്ളിക്കൽ പഞ്ചായത്തിലെ മണ്ണെടുപ്പ് : പഴയ വി.എസ് പക്ഷക്കാരെ വെട്ടിയൊതുക്കി മണ്ണെടുപ്പുമായി മുന്നേറാൻ ശ്രമം

Kerala Pathanamthitta Politics

അടൂർ – തുടർച്ചയായി മൂന്ന് കമ്മറ്റികളിൽ പങ്കെടുക്കാതിരുന്ന കാരണത്താൽ സിപിഎമ്മിലെ മൂന്ന് എരിയാ കമ്മറ്റിയംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്. പഴയ വി.എസ് പക്ഷക്കാരായ മൂവരെയും വെട്ടിനിരത്തി ആ സ്ഥാനത്ത് ഏരിയാ നേതൃത്വത്തിന് വേണ്ടപ്പെട്ടവരെ തിരുകാൻ വേണ്ടിയുള്ള നീക്കമാണെന്ന് ആരോപണം. നവകേരള സദസ് ഇന്ന് അടൂരിൽ എത്തുമ്പോൾ വിഭാഗീയത മറനീക്കി പുറത്തുവന്നത് പാർട്ടി ജില്ലാ, ഏരിയാ നേതൃത്വങ്ങൾക്ക് നാണക്കേടായി.

പള്ളിക്കൽ പഞ്ചായത്തിൽ നിന്നുള്ള ഏരിയ കമ്മറ്റി അംഗങ്ങളായ അഡ്വ. എസ്. രാജീവ്, ജി. കൃഷ്ണകുമാർ, പറക്കോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ പോത്രാട് മധു എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. മൂവരും പഴയ വി.എസ് പക്ഷക്കാരാണ്. പാർട്ടി നേതൃത്വത്തിന്റെ വഴി വിട്ട പോക്കിനെതിരേ പ്രതികരിച്ചതിനാണ് ഇവർക്ക് നോട്ടീസ് നൽകിയത് എന്നാണ് വിവരം. ഇവരെ നൈസായി ഒഴിവാക്കി ഏരിയാ നേതൃത്വത്തിന്റെ ഇഷ്ടക്കാരായ രണ്ടു ഡിവൈഎഫ്‌ഐ നേതാക്കളെ ഏരിയാ കമ്മറ്റിയിൽ എടുക്കുകയാണ് ലക്ഷ്യം.

സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ അതിരൂക്ഷമായ മണ്ണെടുപ്പ് നടക്കുകയാണ് പള്ളിക്കൽ പഞ്ചായത്തിൽ. ഒരു ജില്ലാ നേതാവും ഏരിയാ നേതാവും ചേർന്ന ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് അതിരൂക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന മണ്ണെടുപ്പിന് ഒത്താശ ചെയ്യുന്നത്. ദേശീയ പാത വികസനത്തിന്റെ പേര് പറഞ്ഞ് യാതൊരു മാനദണ്ഡവും പാലിക്കാതെ നടത്തുന്ന മണ്ണെടുപ്പിനെതിരേ പഞ്ചായത്തിൽ പാർട്ടി ഭേദമന്യേ ജനങ്ങളുടെ എതിർപ്പ് രൂക്ഷമാണ്. പാർട്ടി ജില്ലാ നേതൃത്വം നേരിട്ടിടപെട്ട് നടത്തുന്നതിനാൽ പൊലീസും മറ്റ് സർക്കാർ വകുപ്പുകളും നോക്കുകുത്തികളാണ്. ജനങ്ങളുടെ പക്ഷത്ത് നിൽക്കുന്ന നേതാക്കളെ വെട്ടിയൊതുക്കി മണ്ണെടുപ്പുമായി മുന്നേറാനാണ് നീക്കം.

പള്ളിക്കൽ പഞ്ചായത്തിൽ നിന്നുള്ള ഏരിയാ കമ്മറ്റിയംഗങ്ങൾ എന്ന നിലയിൽ ഇവർ ഈ വിഷയം ഏരിയാ കമ്മറ്റിയിൽ ഉന്നയിച്ചു. പക്ഷെ ഇത് ചർച്ച ചെയ്യാൻ ഏരിയാ നേതൃത്വം തയാറായില്ല. പല കാരണങ്ങൾ പറഞ്ഞ് മാറ്റി വച്ചു. പിന്നീട് ജില്ലാ സെക്രട്ടറി പങ്കെടുത്ത ഏരിയാ കമ്മറ്റിയോഗം ഇക്കാര്യത്തിൽ ഏക പക്ഷീയമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഒരു ഗ്രാമത്തിന്റെ പരിസ്ഥിതി താറുമാറാക്കുന്ന വിഷയം അവഗണിച്ച് നേതാക്കളുടെ ഭൗതികമായുണ്ടാകുന്ന നേട്ടത്തിന് വേണ്ടിയുള്ള തീരുമാനമാണ് ഏരിയാ കമ്മറ്റി എടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് പഴയ വി.എസ് പക്ഷക്കാരായ മൂന്ന് ഏരിയാ കമ്മറ്റിയംഗങ്ങളും പല കമ്മറ്റികളിലും വിട്ടു നിന്നത് എന്നാണ് സൂചന. അടൂരിലെ പാർട്ടിക്കകത്ത് കൂടുതൽ ചർച്ചകൾക്ക് ഇത് കാരണമാകും എന്നാണു വിലയിരുത്തപ്പെടുന്നത്.

നവകേരള സദസ് ജില്ലയിൽ എത്തുമ്പോഴും ഇവരുടെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തത്. മൂവരെയും പുറത്താക്കുന്നതിന്റെ പ്രാഥമിക നടപടിക്രമമായിട്ട് വേണം ഇതിനെ കാണാൻ. ഇവരെ ഏരിയാ കമ്മറ്റിയിൽ നിന്നൊഴിവാക്കിയ ശേഷം നേതൃത്വത്തിന്റെ ചാവേറുകളായി പ്രവർത്തിക്കുന്ന ഡിവൈഎഫ്‌ഐ നേതാക്കളെ കൊണ്ടു വരാനുളള ശ്രമമാണ് നടക്കുന്നത്. അഡ്വ. എസ്. രാജീവ് ലോക്കൽ സെക്രട്ടറി കൂടിയായ ഏരിയാ കമ്മറ്റിയംഗമായിരുന്നു. പ്രതികാര നടപടികളുടെ ഭാഗമായി അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിവാക്കി. വർഗ ബഹുജനസംഘടനയായ കർഷക തൊഴിലാളി യൂണിയന്റെ ഏരിയാ പ്രസിഡന്റാക്കി. പിണറായി വന്ന ദിവസം തന്നെ അടൂരിൽ പാർട്ടിക്കുള്ളിലെ വിഭാഗീയത മറ നീക്കിയതിന്റെ ഞെട്ടിലാണ് ജില്ലാ, ഏരിയാ നേതൃത്വങ്ങൾ. ജില്ലാ സെക്രട്ടറി, രണ്ട് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ, ജില്ലാ കമ്മറ്റി അംഗം എന്നിങ്ങനെ അടൂരാണ് ജില്ലയിൽ പാർട്ടിയെ നയിക്കുന്നത് എന്ന് വേണം. ഇവർക്കെല്ലാം തിരിച്ചടിയായിട്ടാണ് ഇപ്പോൾ വിഭാഗീയത മൂർഛിക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *