ഇടുക്കി/കട്ടപ്പന – ഏലത്തോട്ടത്തിലെ മോഷണം അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് ‘കുപ്പി’ വാങ്ങാൻ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അംഗത്തിന് സ്വന്തം സമുദായത്തിലും വിലക്ക്. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ സമുദായ അംഗങ്ങളെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ നിന്നും വിവാദ നായകനായ മെമ്പറെ ഒഴിവാക്കി. ഇദ്ദേഹത്തെ ആദരിക്കുന്നത് സമുദായത്തിന് തന്നെ നാണക്കേടാണെന്ന പൊതുവികാരം കണക്കിലെടുത്താണ് സംഘടനയുടെ ഈ കടുത്ത തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വിജയികളായ മറ്റ് ജനപ്രതിനിധികളെല്ലാം ആദരവ് ഏറ്റുവാങ്ങിയപ്പോൾ, ഈ പഞ്ചായത്ത് അംഗത്തെ മാത്രം പരിപാടിയിൽ നിന്ന് മാറ്റിനിർത്തി. അഴിമതി ആരോപണം നേരിടുന്ന ഒരാളെ വേദിയിൽ ഇരുത്തുന്നത് സംഘടനയുടെ അന്തസ്സിന് ചേർന്നതല്ലെന്ന് കണ്ടാണ് മാറ്റി നിർത്തലെന്നാണ് വിവരം.
വണ്ടൻമേട് മാലി മേഖലയിലെ ഏലത്തോട്ടങ്ങളിൽ നിന്നു പതിവായി ഏലയ്ക്ക മോഷണം പോകുന്നത് പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമ സ്‌റ്റേഷനിൽ വിളിച്ച് പരാതി അറിയിച്ചങ്കിലും അനക്കമുണ്ടായില്ല. തുടർന്ന് പഞ്ചായത്ത് അംഗത്തോട് പരാതി പറഞ്ഞു.ഇദ്ദേഹം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി മടങ്ങി.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അന്വേഷണത്തിനെത്തിയ പൊലീസുകാർക്ക് മദ്യസൽക്കാരം ഒരുക്കണമെന്നും അതിനായി പണം വേണമെന്നും ആവശ്യപ്പെട്ടാണ് മെമ്പർ തോട്ടം ഉടമയിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങിയത്. ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായ ആവശ്യത്തിന് പണം വാങ്ങിയത് വലിയ ചർച്ചയായിരുന്നു.


