കടമ്പനാട് പഞ്ചായത്തിലെ പ്രവർത്തകരെ ഭീഷണിപ്പെടുത്തി അടൂരിലെ സിപിഎം ഏരിയ നേതാവ്

Pathanamthitta Politics
Print Friendly, PDF & Email

അടൂർ – തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചകളും പാർട്ടിയിലെ തമ്മിലടി സംബന്ധിച്ച വിവരങ്ങളും ചോർന്നു പോകാതിരിക്കാൻ സിപിഎം ഏരിയാ നേതാവിന്റെ വിചിത്രമായ ഭീഷണി. എല്ലാവരും സൈബർ പോലീസിന്റെയും വിജിലൻസിന്റെയും നിരീക്ഷണത്തിലാണെന്ന ഭീഷണിയാണ് നേതാവ് മുഴക്കിയിരിക്കുന്നത്. നേതാവിന്റെ സ്വന്തം പഞ്ചായത്തായ കടമ്പനാട്ടെ സിപിഎം ബ്രാഞ്ച്, ലോക്കൽ കമ്മറ്റി യോഗങ്ങളിലാണ് നേതാവ് ഭീഷണി മുഴക്കുന്നത്. നേതാവിന്റെ പിടിപാട് അറിയാവുന്ന അണികൾ ഇതോടെ ഭയപ്പാടിലാണ്. ജില്ലയിലെ മുൻ നേതാവ് എല്ലാവരുടെയും നമ്പരുകൾ സൈബർ പോലീസിനും വിജിലൻസിനും കൊടുത്തിട്ടുണ്ടെന്നും നിങ്ങൾ എവിടെ സഞ്ചരിക്കുന്നു, ആരുമായി ബന്ധപ്പെടുന്നു എന്നതടക്കമുള്ള വിവരങ്ങൾ സൈബർ പോലീസ് നീരിക്ഷിക്കുന്നുവെന്നുമാണ് ഭീഷണി. ഇതേപ്പറ്റി വലിയ ധാരണയില്ലാത്ത അണികൾ നേതാവിന്റെ ഭീഷണിയിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്.

മുൻപ് ഇതേ നേതാവ് ഈ രീതിയിൽ തന്നെ ഭീഷണി മുഴക്കിയത് ഇപ്പോൾ തിരിച്ചടിയായിട്ടുണ്ട്. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിയവരുടെ ലിസ്റ്റാണ് എന്ന് പറഞ്ഞ് നേതാവ് യോഗങ്ങളിൽ കുറേ പേപ്പറുകൾ ഉയർത്തിക്കാട്ടിയിരുന്നു. ഇതിൽ മാധ്യമങ്ങളെ നിരന്തരം ബന്ധപ്പെടുന്നവരുടെ ലിസ്റ്റുണ്ടെന്നും കൈകാര്യം ചെയ്യുമെന്നു ഭീഷണി മുഴക്കിയിരുന്നു. മാധ്യമ പ്രവർത്തകരുടെ പേര് എടുത്തു പറഞ്ഞായിരുന്നു ഭീഷണി. കഴിഞ്ഞ ഒക്‌ടോബർ 31 ന് അടൂർ കോട്ടമുകളിൽ നിന്ന് ജോയൽ വി. ജോസെന്ന ചെറുപ്പക്കാരനെ എൻഐഎ നിർദേശ പ്രകാരം പത്തനംതിട്ട സൈബർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പണം വാങ്ങി വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മുൻപ് സിപിഎം ഏരിയാ നേതാവ് പേര് പരാമർശിച്ച മാധ്യമപ്രവർത്തകർ തങ്ങളുടെ ഫോൺ വിവരങ്ങൾ, സിഡിആർ, ലൈവ് ലൊക്കേഷൻ എന്നിവ സിപിഎം നേതാവിന് വേണ്ടി ജോയൽ ചോർത്തിയതായി സംശയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. തുടരന്വേഷണത്തിന് പരാതി സൈബർ പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *