പത്തനംതിട്ട – തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലാതല രാഷ്ട്രീയ പാർട്ടികളുടെ യോഗം ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് പമ്പാ ഹാളിൽ ചേർന്നു. യോഗ്യതയുള്ള ഒരാളെയും വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കില്ലെന്നും യോഗ്യതയില്ലാത്ത ഒരാളെയും ഉൾപ്പെടുത്തുകയില്ല എന്നുമുള്ള ലക്ഷ്യത്തോടെയാണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കുന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നവംബർ നാല് മുതൽ ഡിസംബർ നാല് വരെ ബൂത്ത് ലെവൽ ഓഫീസർമാർ എല്ലാ വീടുകളിലും എന്യുമറേഷൻ ഫോം വിതരണം ചെയ്യും.
എന്യുമറേഷൻ ഫോം പൂരിപ്പിച്ച് ബി.എൽ.ഒമാരുടെ കൈവശം തിരികെ ഏൽപ്പിച്ചിട്ടുണ്ടെന്ന് ബൂത്ത് ലെവൽ ഏജന്റ് ഉറപ്പുവരുത്തണം. എന്യുമറേഷൻ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസിൽ കളക്ഷൻ സെന്ററുകൾ സജീകരിക്കും. പട്ടികവർഗ സങ്കേതങ്ങളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോം വിതരണം ചെയ്യും. പ്രവാസി വോട്ടർമാർക്കും കോളജുകളിലും ഓൺലൈൻ സംവിധാനത്തിലൂടെ ഫോം സമർപ്പിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ബി.എൽ.ഒ മാരുടെ ഭവന സന്ദർശനം മുൻകൂട്ടി രാഷ്ട്രീയ പാർട്ടികളെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജില്ലാ കലക്ടർ അവതരിപ്പിച്ചു.
പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരണം ഡിസംബർ ഒമ്പതിനും ആവശ്യങ്ങൾക്കും എതിർപ്പുകൾക്കും അപേക്ഷിക്കാനുള്ള കാലയളവ് 2025 ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി എട്ടു വരെയും നോട്ടീസ് ഘട്ടം 2025 ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി 31 വരെയുമാണ്. അവസാന വോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂർ ശങ്കരൻ, റോജി പോൾ, എ. അബ്ദുൾ ഹാരിസ്, അരുൺ വി.കുമാർ, ഷിനാജ്, തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കലക്ടർ ബീന എസ്.ഹനീഫ്, ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാരായ മിനി തോമസ്, കെ.എച്ച് മുഹമ്മദ് നവാസ്, ആർ ശ്രീലത, എം. ബിപിൻകുമാർ, സീനിയർ സൂപ്രണ്ട് കെ.എസ് സിറോഷ് എന്നിവർ പങ്കെടുത്തു.


