ആഗോള അയ്യപ്പസംഗമം : അവസരവാദ നിലപാടിന് സിപിഎം വിചാരണ ചെയ്യപ്പെടും’ പുന്നല ശ്രീകുമാർ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പമ്പയിൽ ആഗോള അയ്യപ്പസംഗമം നടത്താൻ സർക്കാർ നിശ്ചയിച്ചതിനു പിന്നാലെ ശബരിമല യുവതീപ്രവേശന കാര്യത്തിലും നിലപാട് മാറ്റാൻ ഒരുങ്ങുന്ന സർക്കാരിന് ചില മുന്നറിയിപ്പു നൽകുകയാണ് സർക്കാർ രൂപവത്കരിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ മുൻ കൺവീനറും കെപിഎംഎസ് പ്രസിഡന്റുമായ പുന്നല ശ്രീകുമാർ. നാലുവോട്ടിനും രണ്ട് സീറ്റിനും വേണ്ടി നിലപാട് മാറ്റില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചവരാണ് വഞ്ചിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അവസരവാദ നിലപാട് സ്വീകരിച്ചാൽ സർക്കാർ വിലകൊടുക്കേണ്ടിവരും. സിപിഎം വിചാരണ ചെയ്യപ്പെടും. പുന്നല ശ്രീകുമാർ മാധ്യമങ്ങളോടായി പറഞ്ഞു.

സ്ത്രീപ്രവേശന സമരകാലത്ത് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രിയും സിപിഎമ്മും പറഞ്ഞത് രണ്ടു സീറ്റിനോ നാല് വോട്ടിനോ വേണ്ടി നിലപാട് മാറ്റുന്ന പാർട്ടിയല്ല ഇത് എന്നതാണ്. അങ്ങനെയൊക്കെ പറഞ്ഞ് ഒരു പരിഷ്‌കരണ ചിന്തയെ മുന്നോട്ടുനയിച്ച സർക്കാരിന് ഒരു തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുമ്പോൾ ഒരവസരവാദ നിലപാട് സ്വീകരിക്കാൻ കഴിയുമോയെന്നതാണ് പ്രസക്തമായ ചോദ്യം. ശബരിമലയിൽ നാളെ യുവതികൾ ദർശനം നടത്തുമോയെന്നതല്ല. അതിലൊരു നിലപാടാണ് പ്രശ്നം. ഭരണഘടനാബെഞ്ച് അവിടെ യുവതീപ്രവേശം അനുവദിച്ച് ഉത്തരവിറങ്ങിയാൽപ്പോലും ഉടനെ അവിടെ സ്ത്രീകൾ കയറണമെന്നില്ല. അതിന് പാകപ്പെടുന്നഘട്ടംവരെ ആശയസമരം തുടരേണ്ടിവരും. പക്ഷേ, ഇത്തരം കാര്യങ്ങളിൽ ഒരു കമ്യൂണിസ്റ്റ് സർക്കാരിന് നിലപാട് ഒരു പ്രശ്നമാണ്. ഇതിനുവേണ്ടി വനിതകളെ അണിനിരത്തി വനിതാമതിൽ നടത്തിയ സർക്കാരിന് സമൂഹത്തെ പിന്നോട്ടുനടത്താൻ പറ്റുമോ. അത് തെറ്റായ സന്ദേശമാവില്ലേ നൽകുക. അങ്ങനെയുണ്ടായാൽ സർക്കാരിന് വിലകൊടുക്കേണ്ടിവരും.

 

Leave a Reply

Your email address will not be published. Required fields are marked *