വര്‍ണക്കൂടാരം മഴവില്ലില്‍ തിളങ്ങി വള്ളംകുളം ഗവ. ദേവി വിലാസം എല്‍ പി സ്‌കൂള്‍

Pathanamthitta
Print Friendly, PDF & Email

കുട്ടികള്‍ക്ക് ക്ലാസ് മുറിക്കുള്ളിലും പുറത്തും  വ്യത്യസ്തമായ അനുഭവങ്ങള്‍ ലഭിക്കാന്‍ സൗകര്യങ്ങളുമായി വള്ളംകുളം ഗവ. ദേവി വിലാസം എല്‍ പി സ്‌കൂളിലെ വര്‍ണകൂടാരം മഴവില്ല് പദ്ധതി. സ്റ്റാര്‍സ് പദ്ധതി എസ് എസ് കെ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച വര്‍ണക്കൂടാരം മഴവില്ല് പ്രീ സ്‌കൂള്‍ വിദ്യാലയ നവീകരണ പദ്ധതിയിലൂടെയാണ് ഭൗതിക സൗകര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പഠനം ആസ്വാദ്യകരമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഉല്ലാസത്തിനും വിശ്രമത്തിനും ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. തറയില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഏഴു നിറങ്ങള്‍ ചേര്‍ന്ന മാറ്റുകള്‍,  കുട്ടികള്‍ക്കായുള്ള ആധുനിക നിലവാരത്തില്‍ നിര്‍മിച്ച പഠനോപകരണങ്ങള്‍,  കളിപ്പാട്ടങ്ങള്‍ക്കൊപ്പം സ്‌കൂള്‍ മൈതാനത്ത് നിര്‍മിച്ചിരിക്കുന്ന പാറയുടെ മുകളില്‍ നിന്നും വീഴുന്ന വെള്ളച്ചാട്ടവും അതിന് താഴെയുള്ള കുളവും, അതിനു മുകളിലൂടെയുള്ള സുരക്ഷിത കൈവരികള്‍ കെട്ടിയ നടപ്പാലവും പുതിയ സ്‌കൂള്‍ അനുഭവം നല്‍കും. കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് എല്ലാ ശേഷികള്‍ക്കും വികാസ മേഖലകള്‍ക്കും അര്‍ഹമായ പരിഗണന ഉറപ്പാക്കുന്നതിനായി  വര്‍ണക്കൂടാരം  പദ്ധതിയുടെ ഭാഗമായി 12 ഇടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കരകൗശലയിടം, നിര്‍മാണയിടം, ശാസ്ത്രാനുഭവയിടം, പഞ്ചേന്ദ്രിയ അനുഭവയിടം, ഹരിതോദ്യാനം, നൂതന സാങ്കേതികവിദ്യായിടം (ഇ – ഇടം) താളമേളയിടം, വര്‍ണവരയിടം, ഭാഷാ വികസനയിടം, കുഞ്ഞരങ്ങ് (ആവിഷ്‌കാരയിടം) കേളിയിടങ്ങള്‍ (അകം പുറം) ഗണിതയിടം എന്നിവയാണിവ.
സ്റ്റാര്‍സ് പദ്ധതി പ്രകാരം എസ് എസ് കെ 10 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് പ്രീ പ്രൈമറി വര്‍ണക്കൂടാരം മഴവില്ലും ഒരു ലക്ഷം രൂപ വിനയോഗിച്ച് പല്ലാങ്കുഴി പ്രോജക്ടും നിര്‍മിച്ചത്.
പല്ലാങ്കുഴി പ്രോജക്ടിലൂടെ അനുവദിച്ച ഒരു ലക്ഷം രൂപയ്ക്ക് ശിശു സൗഹൃദ ഫര്‍ണിച്ചര്‍, കളിയുപകരണങ്ങള്‍, ബാല ( ബില്‍ഡിംഗ് ആസ് എ ലേണിംഗ് എയിഡ്) തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഈ സ്‌കൂളില്‍ നടപ്പാക്കിയിട്ടുണ്ട്. കഥ പറച്ചില്‍, കഥ വായന എന്നിവയുടെ സംസ്‌കാരം വീട്ടിലും പ്രീസ്‌കൂളിലും സൃഷ്ടിക്കുന്നതിന് കഥോത്സവവും സംഘടിപ്പിക്കും.
സംസ്ഥാനത്ത് കുട്ടികള്‍ക്ക്  ഏറ്റവും മികച്ച പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാക്കുന്നതിന് വര്‍ണക്കൂടാരം എന്ന പരിപാടി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *