പത്തനംതിട്ട – കർഷകർക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പ്. തീറ്റപ്പുൽകൃഷി, ക്ഷീരസംഘങ്ങൾക്കുള്ള സഹായം, മിൽക്ക് ഷെഡ് വികസനം, ഗുണനിയന്ത്രണ ലാബ്, കാലിത്തീറ്റ സബ്സിഡി തുടങ്ങിയ പദ്ധതികൾക്കായി ഒമ്പത് വർഷത്തിനിടെ പത്തനംതിട്ട ജില്ലയിൽ ചെലവഴിച്ചത് 27.57 കോടി രൂപ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആനുകൂല്യം കൂടാതെയാണിത്.
കർഷകർക്ക് കുറഞ്ഞനിരക്കിൽ സബ്സിഡിയോടെ കാലിത്തീറ്റ ലഭ്യമാണ്. ഇതിനായി ഒമ്പതുവർഷത്തിനിടെ 1.18 കോടി രൂപ വിനിയോഗിച്ചു. വാണിജ്യാടിസ്ഥാനത്തിൽ തീറ്റപ്പുൽ കൃഷി നടത്തുന്നവർക്ക് 2.74 കോടി രൂപയുടെ സഹായം സാധ്യമാക്കി. സൗജന്യമായി പുൽവിത്തും നടീൽവസ്തുക്കളും നൽകുന്നു. കറവപ്പശുക്കളുടെ ശരിയായ വളർച്ച, പാലുൽപാദനം എന്നിവയ്ക്കായി മിനറൽ മിക്സ്ചർ വൈറ്റമിൻ സപ്ലിമെന്റ്, മിൽക്ക് റീപ്ലെയ്സർ, കാഫ്-സ്റ്റാർട്ടർ എന്നിവയ്ക്കും സബ്സിഡിയുണ്ട്.
ഗുണമേന്മ ബോധവൽക്കരണം, ഉപഭോക്തൃ മുഖാമുഖം, ശുദ്ധമായ പാലുൽപാദന കിറ്റ് വിതരണം, ഫാം ലെവൽ ഹൈജീൻ, ക്ഷീരസംഘം ജീവനക്കാർക്ക് ഗുണനിലവാര പരിശീലന പരിപാടി, ബിഎംസിസി സംഘങ്ങൾക്ക് ധനസഹായം, ആധുനിക പാൽ പരിശോധന സംവിധാനം തുടങ്ങിയ പദ്ധതികൾക്കും ധനസഹായമുണ്ട്. 5100 രൂപ വിലയുള്ള പാലുൽപാദന കിറ്റ് 1600 രൂപയ്ക്കാണ് കർഷകർക്ക് നൽകുന്നത്.
തിരുവനന്തപുരം മേഖല യൂണിയനിൽ മികച്ച ഗുണനിലവാരം പുലർത്തുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആധുനിക നിലവാരത്തിലുള്ള ലാബ് അടൂർ അമ്മകണ്ടകരയിൽ പ്രവർത്തിക്കുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന പാക്കറ്റ് പാലും പരിശോധിച്ച് എല്ലാ മാസവും ഭക്ഷ്യസുരക്ഷ അതോറിറ്റിക്ക് റിപ്പോർട്ട് നൽകും. ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിന്റെ നേതൃത്വത്തിൽ പാൽ ഗുണനിലവാരം വർധിപ്പിക്കുന്നതിന് ക്ഷീരകർഷകർക്കും പാൽ ഉപഭോക്താക്കൾക്കും ബോധവൽക്കരണ പ്രവർത്തനം നടത്തുന്നു.
അഞ്ചിൽ കൂടുതൽ പശുക്കളെ വളർത്തുന്ന ഫാം ഉടമകൾക്ക് റബ്ബർ മാറ്റ്, മിൽക്കിങ് മെഷീൻ, ഗോബർ ഗ്യാസ് പ്ലാന്റ്, തൊഴുത്ത് പുനരുദ്ധാരണം തുടങ്ങിയവയ്ക്ക് 75,000 രൂപ വരെയും ക്ഷീരസംഘങ്ങളുടെ ശുചിത്വം വർധിപ്പിക്കുന്നതിനും പാൽ ഗുണനിലവാര പരിശോധനയ്ക്കും 75,000 രൂപയും സബ്സിഡി നൽകുന്നു.

ബൾക്ക് മിൽക്ക് ചില്ലിംഗ് കേന്ദ്രങ്ങളുടെ ആവശ്യാധിഷ്ഠിത ധനസഹായമായി 3.75 ലക്ഷം രൂപയും പാൽ ഗുണനിലവാര ബോധവൽക്കരണത്തിന് 75,000 രൂപയും ചെലവഴിക്കുന്നു. പാൽ ഗുണനിലവാരവും പാൽ ഉൽപന്നങ്ങളെയും സംബന്ധിച്ചും ബോധവൽക്കരണം നടത്തുന്നതിന് ഉപഭോക്തൃ മുഖാമുഖം സംഘടിപ്പിക്കുന്നു.
ജില്ലയിൽ 16,556 ക്ഷീരകർഷകർ ക്ഷേമനിധി അംഗങ്ങളാണ്. 2952 പേർക്ക് ക്ഷേമനിധി പെൻഷനും 177 പേർക്ക് കുടുംബ പെൻഷനും 698 പേർക്ക് വിദ്യാഭ്യാസം 747 പേർക്ക് വിവാഹസഹായവും 84 പേർക്ക് മരണാനന്തര ധനസഹായങ്ങളും നൽകി. കർഷകർക്ക് ക്ഷീരസ്വാന്തനം പദ്ധതിയിലൂടെ സബ്സിഡി നിരക്കിൽ ഇൻഷുറൻസ് പദ്ധതിയുമുണ്ട്. പാൽ അളക്കുന്ന ക്ഷേമനിധി അംഗങ്ങൾക്ക് ‘ഓണം മധുരം’ പദ്ധതിയിലൂടെ 500 രൂപ നൽകുന്നു. ഇതിനായി 13 ലക്ഷം രൂപ ചെലവഴിച്ചു. കന്നുകാലി വളർത്തലിന് 90 ശതമാനം വരെ സബ്സിഡി ലഭ്യമാകുന്ന മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വർഷം വിനിയോഗിച്ചത് 71.95 ലക്ഷം രൂപ. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ആകെ ചെലവഴിച്ചത് 15.27 കോടി രൂപ. പശുക്കളുടെ എണ്ണമനുസരിച്ച് ഡയറി യൂണിറ്റിനുള്ള ആനുകൂല്യം നൽകുന്നു. ഒരു പശു മാത്രമുള്ള ബിപിഎൽ വിഭാഗം സ്ത്രീകൾ, ഒന്നോ രണ്ടോ പശുക്കളുള്ള ഫാം ഉടമകൾ, ഡയറി സഹകരണ സംഘങ്ങൾക്ക് പാൽ നൽകുന്നവർ, പുതുസംരംഭക-കർഷകർക്കുമാണ് ആനുകൂല്യം.


