പോലീസ് സ്റ്റേഷനുകളിൽ പരാതിയുമായി പോയ അനുഭവം അറിയിക്കാനുള്ള ഫോൺ നമ്പരിന്റെ ഉദ്ഘാടനം ഇന്ന്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സ്റ്റേഷനുകളിൽ പരാതിയുമായി എത്തുന്നവർക്ക് പോലീസിൽ നിന്നുള്ള അനുഭവവും പരാതികളിൽ എടുത്ത നടപടികളും മറ്റും അറിയിക്കാനുള്ള ക്യൂ ആർ കോഡ് സംവിധാനം നിലവിലുണ്ട്. ഇതിന്റെ സ്വീകാര്യതയും പ്രതികരണവും വേഗത്തിലാക്കാൻ പുതിയൊരു ഫോൺ നമ്പർ ജില്ലാ പോലീസ് ഏർപ്പെടുത്തി. 9497908554 എന്ന നമ്പരിന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്ന് വൈകിട്ട് 4.30 ന് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് നിർവഹിക്കും.

സ്റ്റേഷനിൽ നിലവിലുള്ള ക്യൂ ആർ കോഡ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് സ്കാൻ ചെയ്ത് സ്റ്റേഷനിലുണ്ടായ അനുഭവങ്ങൾ, നടപടികൾ സംബന്ധിച്ച അഭിപ്രായങ്ങൾ അതിൽ ലഭ്യമാക്കിയിട്ടുള്ള ഗൂഗ്‌ൾ ഷീറ്റിൽ രേഖപ്പെടുത്താൻ സാധിക്കും. ഇതിന് പുറമെയാണ് പുതിയ ഫോൺ നമ്പർ പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നമ്പരിൽ പരാതികൾ തുടങ്ങിയുള്ള ഏത് കാര്യത്തിനും സ്റ്റേഷനിൽ നിന്ന് ലഭിച്ച പ്രതികരണം അറിയിക്കാം. ജില്ലാ പോലീസ് ഓഫീസിൽ പ്രവർത്തിക്കുന്ന പെറ്റീഷൻ സെല്ലിൽ ഈ നമ്പരിൽ ലഭിക്കുന്ന പ്രതികരണങ്ങൾ പരിശോധിക്കും. കൂടാതെ ക്യൂ ആർ കോഡ്, തുണ പോർട്ടൽ തുടങ്ങിയവ മുഖേനയുള്ള സന്ദേശങ്ങളും പ്രതികരണങ്ങളും പരിശോധിക്കും. ഇതുവഴി തുടർ നടപടികൾ വേഗത്തിലാവുകയും ചെയ്യും.

സ്റ്റേഷനുകളിലെ നിലവിലെ ക്യൂ ആർ കോഡ് പോസ്റ്ററിനടുത്തുതന്നെ പുതിയ നമ്പർ പ്രദർശിപ്പിക്കും. ഈ നമ്പറിൽ വാട്സാപ്പ് സൗകര്യം ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കാവുന്നതുമാണ്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്യൂ ആർ കോഡിനോട് ചേർന്ന് പുതിയ നമ്പർ പതിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പൊതുജനങ്ങൾക്കുള്ള സേവനം കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ ഇതുപോലെയുള്ള നടപടികൾ ഉപകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *