പത്തനംതിട്ട – മറ്റൊരാളുമായി അശ്ലീലപ്രവൃത്തിയിൽ ഏർപ്പെട്ടത് കണ്ടപ്പോൾ, പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരനെ മർദ്ദിച്ച കേസിൽ അമ്മയ്ക്കും ആൺസുഹൃത്തിനും 3 മാസം വീതം കഠിനതടവും പിഴയും വിധിച്ച് കോടതി. പെരുമ്പെട്ടി പോലീസ് 2023 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി റ്റി മഞ്ജിത്ത് ആണ് ശിക്ഷ വിധിച്ചത്. കോട്ടാങ്ങൽ സ്വദേശികളാണ് ശിക്ഷിക്കപ്പെട്ട 45 കാരിയും 36 കാരനും . 2023 ഏപ്രിൽ 6 നും 9 നുമിടെയിലാണ് സംഭവം. അടുപ്പത്തിലായിരുന്ന ഇരുവരും യുവതിയുടെ വീട്ടിൽ വച്ച് രാത്രി അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നത് കുട്ടി കാണാനിടയായി. തുടർന്നും ഇവർ ഇത്തരത്തിൽ ചെയ്യുന്നത് കണ്ടപ്പോൾ കുട്ടി പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞു.
പ്രകോപിതനായ രണ്ടാം പ്രതി വീട്ടിനുള്ളിൽ വച്ച് കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. കുതറി ഓടിയ കുട്ടിയെ പിന്നാലെ ചെന്ന് വീട്ടുമുറ്റത്ത് കിടന്ന് കമ്പെടുത്ത് പുറത്തടിച്ചു. ഒന്നാം പ്രതിയും കുട്ടിയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടയാളുമായ അമ്മ, അച്ഛനെ അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും, ആൺ സുഹൃത്തിൽ നിന്നും കുട്ടിക്ക് ദേഹോപദ്രവം ഏൽക്കാൻ അവസരമൊരുക്കുകയും ചെയ്തു. മർദ്ദനത്തിനും ഭീഷണിപ്പെടുത്തിയതിനും പോക്സോ നിയമത്തിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും അന്നത്തെ പെരുമ്പെട്ടി എസ്ഐ റ്റി സുമേഷ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ് ഐ ജിജിൻ സി ചാക്കോ ആയിരുന്നു. ഒന്നാം പ്രതിക്ക് മൂന്ന് മാസം കഠിനതടവും 5000 രൂപയും, രണ്ടാം പ്രതിക്ക് മൂന്നുമാസം കഠിനതടവും ആയിരം രൂപ പിഴയുമാണ് കോടതി ശീക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ യഥാക്രമം അഞ്ചുദിവസവും ഒരു ദിവസവും വീതം അധിക കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് കോടതിയിൽ ഹാജരായി.എ എസ് ഐ ഹസീന കോടതി നടപടികളിൽ പങ്കാളിയായി.


