കോന്നി – ചെങ്കുളം പാറമടയില്‍ മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് കൂറ്റന്‍ പാറ അടര്‍ന്നു വീണുണ്ടായ ദുരന്തത്തില്‍ മരിച്ച തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. ജെസിബിയിയില്‍ കുടുങ്ങിപ്പോയ രണ്ടാമന് വേണ്ടിയുള്ള തെരച്ചില്‍ നാളെ രാവിലെ ആറിന് പുനരാരംഭിക്കും.
ജെ.സി.ബി ഓപ്പറേറ്റര്‍ ഝാര്‍ഖണ്ഡ് സ്വദേശി അജയ് കുമാര്‍ റേ (48), സഹായി ഒഡീഷ സ്വദേശി മഹാദേവ് പ്രധാന്‍ (53) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരാളുടെ മൃതദേഹമാണ് വൈകിട്ട് ആറോടെ കണ്ടെടുത്തത്. ഇത് മഹാദേവ് പ്രധാന്റെ മൃതദേഹമാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

വൈകിട്ട് മൂന്നോടെ പയ്യനാമണ്‍ ചെങ്കുളം പാറമടയിലാണ് ദുരന്തമുണ്ടായത്. മണ്ണുമാന്തി ഉപയോഗിച്ച് പാറ നീക്കുന്നതിനിടെ മുകളില്‍ നിന്ന് കല്ലുകള്‍ ഇളകി വീഴുകയായിരുന്നു. അറുപതടി ഉയരത്തില്‍ നിന്നാണ് കൂറ്റന്‍ പാറക്കഷണങ്ങള്‍ പതിച്ചത്. പൊട്ടിക്കുന്ന പാറ കൊണ്ടുപോകാന്‍ റോഡ് സജ്ജീകരിക്കുന്നതിനിടെയായിരുന്നു അപകടം. ജെ.സി.ബി ഉപയോഗിച്ച് മണ്ണും കല്ലും നീക്കി ലോറികള്‍ക്ക് എത്താന്‍ കഴിയുന്ന തരത്തില്‍ വഴി ഒരുക്കുകയായിരുന്നു. ഇവര്‍ മാത്രമായിരുന്നു അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. റോഡ് ഒരുക്കുന്ന ജോലി പൂര്‍ത്തിയാകാത്തതിനാല്‍ അപകടസ്ഥലത്തേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടി. ഇതിനിടെ മുകളില്‍ നിന്ന് വീണ്ടും പാറകള്‍ ഇളകി വീണതും രക്ഷാദൗത്യത്തിന് തടസമായി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് അപകട സ്ഥലത്ത് അഗ്നിരക്ഷാ വിഭാഗം ഇറങ്ങിയത്.
തെരിച്ചിലിനൊടുവില്‍ ഒരാളുടെ കാല്‍പാദം കല്ലുകള്‍ക്കിടയില്‍ നിന്നും കണ്ടെത്തി. പിന്നീട് മൃതദേഹം പുറത്തെത്തിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും പാറകള്‍ താഴേക്ക് പതിച്ചു. തുടര്‍ന്ന് രക്ഷാദൗത്യം നിര്‍ത്തി വച്ചു. ഇന്ന് രാവിലെ ഏഴിന് പുനരാരംഭിക്കും. പത്തനംതിട്ട, കോന്നി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ക്കൊപ്പം ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 27 അംഗ സംഘവും സ്്ഥലത്ത് എത്തി. കോന്നി താലുക്ക് ദുരന്ത നിവാരണം ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.


