സമൂഹമാധ്യമങ്ങളിൽ വൈറലായ ആറന്മുള പോലീസ് സ്‌റ്റേഷനിൽ കിടക്കുന്ന പുതിയ വാഹനത്തിന്റെ കേടുപാട് തീർത്തിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി: ഉടമ കേസുമായി സഹകരിച്ചില്ലെന്നും വിശദീകരണം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സമൂഹമാധ്യങ്ങളിൽ വൈറലായ ആറന്മുള സേ്റ്റഷന്‍ വളപ്പില്‍ സൂക്ഷിച്ച അപകടത്തില്‍പ്പെട്ട പുതിയ വാഹനം പോലീസ് ഇടപെട്ട് കേടുപാടുകള്‍ തീര്‍ത്തിട്ടില്ലെന്നും സുരക്ഷിത ഇടത്തേക്ക് നീക്കിയിടുകയാണ് ഉണ്ടായതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ആറന്മുള സ്റ്റേഷൻ കോമ്പൗണ്ടില്‍ സൂക്ഷിക്കുന്ന മഹീന്ദ്ര എക്‌സ്‌യുവി 700 മോഡല്‍ പുതിയ കാര്‍ സർവ്വീസ് സെന്ററുമായി ചേര്‍ന്ന് കേടുപാടുകള്‍ തീര്‍ത്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വെട്ടൂര്‍ ആലപ്പാട്ട് മുരുപ്പേല്‍ അനീഷ് ഗോപാലിന്റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ലഭിച്ച പുതിയ കാര്‍ ഏപ്രില്‍ ആദ്യം തെക്കേമലയിലുള്ള മഹേന്ദ്രയുടെ മെറിഡിയന്‍ സര്‍വീസ് സെന്ററില്‍ സർവ്വീസിനായി നല്‍കിയിരുന്നു. സെന്ററിലെ ജീവനക്കാരനായ ഇലന്തൂര്‍ സ്വദേശി 11 ന് ഉച്ചയ്ക്ക് 2.30 ന് കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തവേ ഇലന്തൂര്‍ ചക്കിട്ടമുക്കില്‍ വച്ച് ബൈക്കില്‍ ഇടിച്ച് യുവാവിന് പരുക്കേറ്റിരുന്നു.

പരുക്കേറ്റയാളുടെ മൊഴി പ്രകാരം ആറന്മുള പോലീസ് രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കെടുപാടുകള്‍ സംഭവിച്ചതും ഓടിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്തതുമായ കാര്‍ പോലീസ് നീക്കം ചെയ്ത് സേ്റ്റഷന്‍ വളപ്പില്‍ സൂക്ഷിച്ചു. വാഹന ഉടമയായ അനീഷ് അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാല്‍ പോലീസ് സ്റ്റേഷൻ മുതലുകളുടെ പട്ടികയില്‍ ചേര്‍ത്ത് കോടതിയില്‍ ഹാജരാക്കി. സർവ്വീസ് ചെയ്യാന്‍ ഏല്‍പ്പിച്ച വാഹനം ജീവനക്കാരന്‍ മുഖേന കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പുതിയ കാര്‍ വേണമെന്ന് സർവ്വീസ് സെന്റര്‍ അധികൃതരോട് അനീഷ് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ഇവര്‍ പുതിയ വാഹനം എത്തിക്കുകയും പഴയ വാഹനത്തിന്റെ വിലയായ 18 ലക്ഷത്തില്‍ വായ്പ ഇനത്തിലുള്ള 9 ലക്ഷം അടയ്ക്കുന്ന മുറയ്ക്ക് വാഹനം കൈമാറാമെന്ന് വാക്കുകൊടുക്കുകയും ചെയ്തു.

എന്നാല്‍ സർവ്വീസ് സെന്റര്‍ ജീവനക്കാരെ അറിയിക്കാതെ പുതിയ വാഹനത്തിന് ഫാന്‍സി നമ്പറിനുള്ള അപേക്ഷ ഉടമ നല്‍കി. ഇതറിഞ്ഞ് അധികൃതര്‍ സിവില്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫാന്‍സി നമ്പര്‍ നല്‍കുന്നത് കോടതി റദ്ദാക്കി. കോടതി നിര്‍ദ്ദേശപ്രകാരം സ്റ്റേഷൻ കോമ്പൗണ്ടില്‍ സൂക്ഷിച്ച വാഹനം പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ സെന്റര്‍ ജീവനക്കാര്‍ കേടുപാട് തീര്‍ത്തതായി ആക്ഷേപം ഉയര്‍ന്നു. വാഹന ഉടമ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുകയും ഓണ്‍ലൈന്‍ മാധ്യമങ്ങളിൽ വാര്‍ത്തകള്‍ വരികയും മറ്റും ചെയ്തു. പോലീസ് സേ്റ്റഷന്‍ വളപ്പില്‍ കയറ്റിയിട്ട് സംരക്ഷിക്കുന്ന കാര്‍ ഉടമ ആരോപിക്കുന്നതുപോലെ ക്രെയിന്‍ ഉപയോഗിച്ച് ജീവനക്കാര്‍ പുറത്തുകൊണ്ടു പോവുകയോ കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്തിട്ടില്ലാത്തതാണെന്നും പോലീസ് മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *