പതിനാലുകാരിക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ചു പീഡനം ; കൈപ്പട്ടൂർ ആസ്റ്റർ ലാബ് ഉടമ അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട – പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടുകയും മൊബൈല്‍ ഫോണില്‍ അശ്ലീലവീഡിയോകള്‍ അയച്ചുകൊടുക്കുകയും ചെയ്ത കേസില്‍ ഒന്നാം പ്രതിയായ ലാബ് ഉടമയെ പോലീസ് പിടികൂടി. ഓമല്ലൂര്‍ ആറ്റരികം ചെറിയമംഗലത്ത് വീട്ടില്‍ അജിത് സി. കോശി (57) ആണ് അറസ്റ്റിലായത്.

കൈപ്പട്ടൂരിലെ ആസ്റ്റര്‍ ലാബിന്റെ ഉടമയായ ഇയാള്‍ക്കെതിരെ കുട്ടിയുടെ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അമ്മയ്ക്ക് നാട്ടില്‍ ജോലിയുണ്ട്, പിതാവ് വിദേശത്ത് ജോലിയാണ്. പ്രതിയുടെ അതിക്രമം സംബന്ധിച്ച് അറിഞ്ഞിട്ടും ബന്ധപ്പെട്ട നിയമസ്ഥാപനങ്ങളെ അറിയിക്കാതെ മറച്ചുവച്ചതിന് മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്. കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കഴിഞ്ഞ 17 വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്.

ലാബില്‍ വച്ച് കുട്ടിയുടെ ദേഹത്ത് പ്രതി കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടി. വിവരം മാതാപിതാക്കളെ അറിയിച്ചപ്പോള്‍ ഇയാളെ താക്കീത് ചെയ്തു. മേലില്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു നല്‍കിയ പ്രതി പിന്നീട് മാതാപിതാക്കളുടെ അറിവോടെ കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങികൊടുത്തു. തുടര്‍ന്ന്, ഫോണിലേക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും നിരന്തരം അയക്കാന്‍ തുടങ്ങി. വീഡിയോ കാളിലൂടെ സംസാരിക്കുകയും ശബ്ദസന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ഇക്കാര്യവും പെണ്‍കുട്ടി അമ്മയോട് പറഞ്ഞുവെങ്കിലും, പോലീസിലോ മറ്റോ അറിയിക്കാതെ മറച്ചു വച്ച് വീണ്ടും ഇയാളെ താക്കീത് ചെയ്യുകയായിരുന്നു.

പ്രതി തുടര്‍ന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായുള്ള വിവരം 19 ന് ക്ലാസ് ടീച്ചറെ കുട്ടി അറിയിച്ചു. ക്ലാസ് ടീച്ചര്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടിയെ വണ്‍ സേ്റ്റാപ്പ് സഖി സെന്ററില്‍ എത്തിക്കുകയും അവിടെ നിന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും ഐ ടി നിയമമനുസരിച്ചും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എസ. ഐ കെ ആര്‍ രാജേഷ് കുമാര്‍ ആണ് കേസെടുത്തത്. കേസില്‍ അജിത് കോശി ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയും അച്ഛനും യഥാക്രമം രണ്ടും മൂന്നും പ്രതികളുമാണ്.

പ്രതിയുടെ ഫോണ്‍ വിളി വിവരങ്ങളും ലൊക്കേഷനും ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭ്യമാക്കിയപ്പോള്‍ തിരുവനന്തപുരത്തുണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് തിരുവനന്തപുരം പൂജപ്പുരയില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. പൂജപ്പുരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കുട്ടി ഉപയോഗിച്ച മൊബൈല്‍ ഫോണും പ്രതിയുടെ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു.

കുട്ടിയുടെ മൊഴി ജെ എഫ് എം കോടതിയില്‍ രേഖപ്പെടുത്തി. പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന മലയാലപ്പുഴ എസ്.എച്ച്.ഓ ബി.എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ് ഐ കെ ആര്‍ രാജേഷ് കുമാര്‍, സി പി ഓമാരായ രഞ്ജിത്ത്, ബിപിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *