പത്തനംതിട്ട – ജില്ലയിൽ മേയ് മാസത്തിൽ ഇതുവരെ 146 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം)ഡോ. എൽ അനിതകുമാരി അറിയിച്ചു. നിലവിൽ 122 ആക്ടീവ് കോവിഡ് കേസുകൾ ഉണ്ട്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും കൂടുന്നതിനാൽ പ്രത്യേക ജാഗ്രത വേണം.
കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതുസ്ഥലങ്ങളിലും, യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യം. ആരോഗ്യ പ്രവർത്തകരും ആശുപത്രികളിലെത്തുന്നവരും നിർബന്ധമായും മാസ്ക് ഉപയോഗിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുന്നത് നല്ലതാണ്.
മഴക്കാലമായതിനാൽ മറ്റ് പകർച്ചവ്യാധികൾക്കെതിരെയും മുൻകരുതൽ വേണം. പനി, ചുമ , പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർേദശപ്രകാരം ചികിത്സ എടുക്കണം.
കൊതുക് പെരുകുന്നത് തടയാൻ വെള്ളക്കെട്ടുകൾ ഒഴിവാക്കി ഉറവിട നശീകരണം ഫലപ്രദമാക്കണം.
വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ അടച്ചു സൂക്ഷിക്കുക. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, വീടുകളിലെ ഇൻഡോർ പ്ലാന്റുകൾ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ നിർബന്ധമായും മാറ്റണം. കൊതുക് കടി ഏൽക്കാതിരിക്കാൻ ലേപനങ്ങളോ വലയോ ഉപയോഗിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. കുടിവെള്ള സ്രോതസുകൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം.
പൊതുടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തിശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കണം.
മഴക്കാലത്ത് എലിപ്പനിക്കുള്ള സാധ്യത കൂടുതലായതിനാൽ തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, ക്ഷീരകർഷകർ, ശുചീകരണ തൊഴിലാളികൾ, മലിനജലസമ്പർക്ക സാധ്യതയുള്ള തൊഴിൽ ചെയ്യുന്നവർ ആഴ്ചയിൽ ഒരിക്കൽ ഡോക്സി സൈക്ലിൻ 200 മില്ലിഗ്രാം ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയിലെ ഡെങ്കി ഹോട്സ്പോട്ടുകൾ:
പഞ്ചായത്ത്, വാർഡ് ക്രമത്തിൽ.
കുളനട -9
കോട്ടാങ്ങൽ-6,7
ചെറുകോൽ-9
വെച്ചുച്ചിറ- 3,4


