കാറിനുള്ളിൽ രക്തക്കറയോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala Idukki
Print Friendly, PDF & Email

ഏലപ്പാറ ( ഇടുക്കി ) – കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണിക്കാനം പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈനാണ് (36) മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഏലപ്പാറ ടൗണിന് സമീപം വാഗമൺ റോഡിൽ ബിവറേജസ് ഔട്‌ലറ്റിന്‌ സമീപത്തെ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പീരുമേട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. യുവാവിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചതിനെത്തുടർന്ന് പോലീസ് വിശദമായി അന്വേഷിക്കുമെന്നറിയിച്ചു.

ഏലപ്പാറയിൽ മീൻകച്ചവടം നടത്തുന്ന ആളായിരുന്നു ഷക്കീർ ഹുസൈൻ. ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ രാത്രിയിൽ നാട്ടിലാകെ അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തിനൊടുവിലാണ് കാറ് കണ്ടെത്തിയത്. കാറിന്റെ പിൻ സീറ്റിൽ ഡോർ തുറന്ന നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് പീരുമേട് പോലീസിൽ ഇവർ വിവരമറിയിച്ചു. പീരുമേട് ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

കാറിനുള്ളിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ പീരുമേട് പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നറിയിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *