പത്തനംതിട്ട-ഡിസിസി-വൈസ്പത്തനംതിട്ട-ഡിസിസി-വൈസ്പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് മണ്ഡലം പ്രസിഡന്റുമായ ചെന്നീർക്കര മാത്തൂർ മേലേടത്ത് എം.ജി. കണ്ണൻ (40) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച് പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ഇന്ന് രാവിലെ പതിനൊന്നേ കാലോടെയാണ് മരണം സ്ഥിരീകരിച്ചത്. പനി ബാധിച്ച് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കണ്ണനെ ഇന്നലെ വൈകിട്ടാണ് സ്‌ട്രോക്ക് വന്നതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്കാരം നാളെയാണ്. നാളെ രാവിലെ 8 മണിക്ക് പരുമല ആശുപത്രിയിൽ നിന്നും വിലാപ യാത്രയായി പന്തളം വഴി അടൂർ ഗാന്ധി ടവറിൽ എത്തിക്കുന്ന ഭൗതിക ശരീരം 9 മണിമുതൽ അവിടെ പൊതുദർശനം. 11 മണിക്ക് പത്തനംതിട്ട ഡിസിസി ഓഫീസിൽ പൊതുദർശനം. ഉച്ചക്ക് 1 മണിക്ക് മഞ്ഞനിക്കര വാലുതറയിലുള്ള ഭാര്യാ വസതിയിൽ പൊതുദർശനം. 2 മണി മുതൽ മാത്തൂർ ഗവ. യുപി സ്‌കൂളിൽ പൊതുദർശനം. 4 മണിക്ക് മാത്തൂർ എംജി കണ്ണന്റെ വസതിയിൽ പൊതുദർശനവും 5 മണിക്ക് സംസ്കാരവും നടക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്ത് വന്ന കണ്ണൻ ചെന്നീർക്കര പഞ്ചായത്തംഗവും രണ്ടു തവണ ജില്ലാ പഞ്ചായത്തംഗവുമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മറ്റു നാലു മണ്ഡലങ്ങളിൽ എൽഡിഎഫ് ഭൂരിപക്ഷം വർധിപ്പിച്ചപ്പോൾ അടൂരിൽ മത്സരിച്ച കണ്ണൻ എതിർ സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന് കനത്ത് വെല്ലുവിളിയാണ് ഉയർത്തിയത്. 2016 ലെ തെരഞ്ഞെടുപ്പിൽ സിപിഐയിലെ ചിറ്റയം ഗോപകുമാർ 25460 വോട്ടിന് ജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ 2919 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടാൻ കഴിഞ്ഞത്. മണ്ഡലം ഇളക്കി മറിച്ച് പ്രവർത്തിച്ച കണ്ണൻ ചിറ്റയത്തിന്റെ ഭൂരിപക്ഷം കുത്തനെ കുറച്ചുവെന്ന് മാത്രമല്ല, ശക്തമായ മത്സരം കാഴ്ചവയ്ക്കുകയും ചെയ്തു.

ചിത്രം – എംജി കണ്ണന്റെ വിയോഗ വാർത്തയറിഞ്ഞു പരുമല ഹോസ്പിറ്റലിൽ കോൺഗ്രസ് നേതാക്കൾ എത്തിയപ്പോൾ.
ആസന്നമാകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലായിരുന്നു കണ്ണൻ. അതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്താണ് കണ്ണന്റെ മകന് ബ്ലഡ് കാൻസറിനുള്ള ചികിൽസ നടത്തേണ്ടി വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി വച്ച് മകനുമായി കണ്ണൻ ആർസിസിയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. ഇതിന്റെ പേരിൽ കണ്ണന് രൂക്ഷമായ സൈബർ ആക്രമണവും നേരിടേണ്ടി വന്നു. കൃത്യമായ ചികിൽസയെ തുടർന്ന് മകൻ പൂർണമായും രോഗമുക്തനായതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം.

ചിത്രം – എംജി കണ്ണന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയപ്പോൾ.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്്, പാർലമെന്റ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കണ്ണൻ പ്രസിഡന്റായിരിക്കുന്ന സമയത്ത് നിരവധി സമര പരിപാടികൾ ഏറ്റെടുത്ത് നടത്തി. പലതിലും കണ്ണന് ലാത്തിയടിയേറ്റ് തലയ്ക്ക് മാരക പരുക്കും നേരിട്ടിരുന്നു. നല്ലൊരു രാഷ്ട്രീയ നേതാവ് എന്ന് മാത്രമല്ല നല്ലൊരു മനുഷ്യനെ കൂടിയാണ് നാടിനു നഷ്ടമായത്.
ഭാര്യ; സജിതാമോൾ, മക്കൾ; ശിവ കിരൺ, ശിവ ഹർഷൻ.


