രാജ്യത്ത് റോഡപകടത്തിൽപ്പെട്ടാൽ ഇനി ഒന്നരലക്ഷം രൂപവരെ അടിയന്തര സൗജന്യ ചികിത്സ ; വിജ്ഞാപനമിറക്കി കേന്ദ്ര ഗതാഗത മന്ത്രാലയം

India
Print Friendly, PDF & Email

ന്യൂഡൽഹി – രാജ്യത്തെ പൊതുറോഡുകളിൽ വാഹനാപകടങ്ങൾക്ക് ഇരയാകുന്നവർക്ക് നിർദ്ദിഷ്ട ആശുപത്രികളിൽ ഒന്നരലക്ഷം രൂപവരെ അടിയന്തര സൗജന്യ‌ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി ഇന്ത്യയിൽ നിലവിൽ വന്നു. രാജ്യവ്യാപകമായി സർക്കാർ – സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ പണം അടയ്ക്കാതെ അടിയന്തര ചികിത്സ സൗജന്യമായി ഉറപ്പാക്കും എന്നതാണ് കേന്ദ്ര സർക്കാർ പദ്ധതി. സമൂഹത്തിനു വളരെ ഗുണകരമാകുന്ന പദ്ധതി. കേരളത്തിലും ജനങ്ങൾക്ക് ഗുണകരമായി ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

റോഡിൽ വെച്ച് അപകടമുണ്ടായി ഏഴുദിവസം വരെയാണ് പദ്ധതിയുടെ ആനുകൂല്യം. കഴിഞ്ഞ തിങ്കളാഴ്ചമുതൽ പദ്ധതി നിലവിൽ വന്നു. പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ട ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. മറ്റ്‌ ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കിൽ, പ്രാഥമികമായി സൗജന്യ ചികിത്സ ലഭിക്കും. തുടർന്ന് പട്ടികയിലുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റണം. ‘കാഷ്‌ലെസ് ട്രീറ്റ്‌മെന്റ് ഓഫ് റോഡ് ആക്‌സിഡന്റ് വിക്ടിംസ് സ്‌കീം-2025’ എന്ന പദ്ധതി സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം ചൊവ്വാഴ്ച വിജ്ഞാപനമിറക്കിയിരുന്നു.

അതിവേഗത്തിലുള്ളതും സൗജന്യവുമായ അടിയന്തര ചികിത്സ ഉറപ്പാക്കി റോഡ് അപകടങ്ങൾ മൂലമുള്ള മരണങ്ങൾ ഒഴിവാക്കുകയാണ് കേന്ദ്രസർക്കാരിന്റെ പണരഹിത ചികിത്സാ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് പ്രായം, സാമൂഹിക പശ്ചാത്തലം, വരുമാനം എന്നിവ മാനദണ്ഡമല്ല. പദ്ധതിക്കുള്ള ചെലവ് അതത് സംസ്ഥാനങ്ങളിൽ ജനറൽ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന കമ്പനികളിൽ നിന്ന് കണ്ടെത്തും. പദ്ധതിയുടെ നടത്തിപ്പിന് ദേശീയതലത്തിൽ 11 അംഗ സ്റ്റിയറിങ് കമ്മിറ്റി പ്രവർത്തിക്കും. റോഡ് വിഭാഗം സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിയിൽ ദേശീയപാതാ അതോറിറ്റി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ധനകാര്യമന്ത്രാലയം, ആരോഗ്യമന്ത്രാലയം, ഇൻഷുറൻസ് ഏജൻസികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രതിനിധികളുണ്ടാകും.

നാഷണൽ ഹെൽത്ത് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഏജൻസി. സംസ്ഥാനങ്ങളിലുള്ള സംസ്ഥാന റോഡ് സേഫ്റ്റി കൗൺസിൽ, പോലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസികൾ തുടങ്ങിയവർ സഹകരിക്കും. പദ്ധതിക്കായി ഒരു പ്രത്യേക ഡിജിറ്റൽ പോർട്ടലിന് രൂപംകൊടുക്കും. ആശുപത്രികളുടെ വിവരങ്ങൾ, ക്ലെയിമിനുള്ള നടപടിക്രമങ്ങൾ, ചികിത്സയും പണമടയ്ക്കലും തുടങ്ങിയവ ഈ പോർട്ടൽ വഴി ഏകോപിപ്പിക്കും.

സംസ്ഥാന റോഡ് സുരക്ഷാ കൗൺസിലാണ് നോഡൽ ഏജൻസി. ആശുപത്രികളുടെ പേരുവിവരപ്പട്ടിക സംസ്ഥാന റോഡ് സുരക്ഷാ കൗൺസിലിന്റെയോ ദേശീയ ആരോഗ്യ അതോറിറ്റിയുടെയോ പോർട്ടലിൽ ലഭിക്കും. അപകടത്തെക്കുറിച്ച് പോലീസിനെ അറിയിക്കണം. തുടർ നടപടികൾക്ക് പോലീസിന്റെ റിപ്പോർട്ട് ആവശ്യമാണ്. ആശുപത്രികൾ ദേശീയ ആരോഗ്യ അതോറിറ്റിയുമായി ബന്ധപ്പെട്ട് രോഗികളുടെ ക്ലെയിം സെറ്റിൽമെന്റ് നടപടികൾ സ്വീകരിക്കും. മെഡിക്കൽ റിപ്പോർട്ടുകൾ, ബില്ലുകൾ, പോലീസ് എഫ്ഐആർ എന്നിവയുടെ പകർപ്പുകൾ സൂക്ഷിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *