ലൊക്കേഷൻ സ്കെച്ചിനായി ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുരമ്പാല വില്ലേജിലെ കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിലായി

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം: വസ്തു ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിനെ കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ. പന്തളം സ്വദേശി കഴുത്തുംമൂട്ടിൽ ജയപ്രകാശ് ആണ് പിടിയിൽ ആയത്.

ലൊക്കഷൻ സ്‌കെച്ചിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈകിട്ട് നാലരയോടെ ഡിവൈ.എസ്.പി സിനി ഡെന്നീസിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പറന്തൽ പള്ളിക്ക് സമീപമുള്ള സ്ഥലത്തിന്റെ ഫീൽഡ് മെഷർ ബുക്കിനും ലൊക്കേഷൻ സ്‌കെച്ചിനുമായി അപേക്ഷ നൽകിയ ആനയടി സ്വദേശിയിൽ നിന്നുമാണ് ജയപ്രകാശ് കൈക്കൂലി വാങ്ങിയത്. എഫ്.എം ബുക്കിനായി ആദ്യം 1500 രൂപ വാങ്ങിയിരുന്നു. ലൊക്കേഷൻ സ്‌കെച്ചിന് വേണ്ടി വീണ്ടും 1000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതിൽ 500 രൂപ വില്ലേജ് ഓഫീസർക്ക് നൽകാൻ വേണ്ടിയാണെന്ന് ഇയാൾ പരാതിക്കാരനോട് പറഞ്ഞിരുന്നു.

പണം നൽകാതെ ലൊക്കേഷൻ സ്‌കെച്ച് കിട്ടില്ലെന്ന് വന്നപ്പോഴാണ് സ്ഥലം ഉടമ വിജിലൻസിനെ സമീപിച്ചത്. തുടർന്ന് വിജിലൻസ് സംഘം മാർക്ക് ചെയ്ത നോട്ട് നൽകിയതിന് ശേഷം പരാതിക്കാരനെ അയയ്ക്കുകയായിരുന്നു. പണം കൈപ്പറ്റുന്നതിനിടെ പതുങ്ങി നിന്ന ഉദ്യോഗസ്ഥർ ജയപ്രകാശിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *