അടൂർ: എസ്എൻഡിപി ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തിന് ഗുരു പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പത്തിന് ഗുണനിലവാരമില്ലെന്ന് പറഞ്ഞ് എസ്എൻഡിപി ശാഖാ സെക്രട്ടറിക്ക് നേരെ അസഭ്യവർഷവും കൊലവിളിയും നടത്തുകയും ആക്രമിക്കാൻ വീട്ടിലെത്തുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു.
കടമ്പനാട് വടക്ക് പാലത്തുണ്ടിൽ ഷൈജുവിനെതിരേയാണ് അസഭ്യ വർഷത്തിനും വീട്ടിലെത്തി ഭീഷണി മുഴക്കിയതിനും കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ 17 ന് രാത്രി ഒമ്പതിനാണ് സംഭവം. അടൂർ എസ്എൻഡിപി യൂണിയന് കീഴിലുള്ള 3682-ാം നമ്പർ നെല്ലിമുകൾ ശാഖയുടെ സെക്രട്ടറി അരുൺ സുദർശനനെയാണ് ഫോണിലൂടെ ഷൈജു അസഭ്യം പറയുകയും വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്. പിന്നാലെ ഇയാൾ അരുണിന്റെ വീട്ടുമുറ്റത്തു ചെന്ന് വെല്ലുവിളിച്ചു. ഈ സമയം അരുൺ അവിടെ ഉണ്ടായിരുന്നില്ല. അരുണിന്റെ മാതാവിനെയും ഭാര്യയെയും ഇയാൾ വെല്ലുവിളിക്കുകയും ചെയ്തു.
ശാഖാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ച് ഗുരുപൂജാ പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പത്തിന് ഗുണനിലവാരമില്ലെന്ന പേരിലായിരുന്നു ഫോണിലൂടെ അസഭ്യം വിളിച്ചതും ഭീഷണി മുഴക്കിയതും. അതിന് ശേഷം നേരിൽ കൈകാര്യം ചെയ്യാനാണ് വീട്ടുമുറ്റത്ത് ചെന്നത്.
ഷൈജുവിനെതിരേ സ്ത്രീകൾക്കെതിരായ അതിക്രമം അടക്കം ആറോളം കേസുകൾ നിലവിലുണ്ട്. ശാഖാ സെക്രട്ടറിക്കെതിരേ ഭീഷണി മുഴക്കിയതോടെ അടൂർ എസ്എൻഡിപി യൂണിയൻ നേതൃത്വം ഇടപെടുകയും ഇവരുടെ നിർദേശ പ്രകാരം സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് എസ്പിക്ക് പരാതി നൽകുകയും ചെയ്തു. വിവരമറിഞ്ഞ ഷൈജു ഒരു പ്രാദേശിക സിപിഎം നേതാവിന്റെ സഹായത്തോടെ അരുൺ തന്നെ ആക്രമിക്കുവാൻ ശ്രമിച്ചുവെന്ന് കാട്ടി ഏനാത്ത് പോലീസിൽ പരാതി നൽകുകയും ചെയ്തു.
കൗണ്ടർ കേസ് എടുപ്പിച്ച് പരാതി പിൻവലിക്കാനുള്ള നീക്കം പക്ഷേ, പോലീസ് തിരിച്ചറിഞ്ഞു. എസ്എച്ച്ഓ അമൃത് സിങ് നായകത്തിന്റെ നേതൃത്വത്തിൽ അരുണിന്റെ മൊഴി എടുത്ത് ഷൈജുവിനെതിരേ കേസ് എടുക്കുകയായിരുന്നു.
ഫോൺ കാൾ അരുൺ റെക്കോർഡ് ചെയ്ത് ഷൈജുവിന്റെ സഹോദരൻ ബൈജുവിന് അയച്ചുകൊടുത്തിരുന്നു.ഗുരുമന്ദിരത്തിലെ പൂജാരിയെ മാറ്റാൻ ഷൈജു മുമ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടാവാത്തതിൽ വിരോധമുണ്ടായിരുന്നതായി മൊഴിയിലുണ്ട്. എസ്.ഐ ആർ. ശ്രീകുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടുവെങ്കിലും എത്തിയില്ല. തുടർന്നാണ് ഇന്നലെ പുലർച്ചെ വീട് വളഞ്ഞ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.


