പ്രണയിക്കുന്നവർ സൂക്ഷിക്കുക ; മർദ്ദനം, പാസ്പ്പോർട്ട് മോഷണം, അപമാനിക്കൽ ; യുവാവ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

തിരുവല്ല: വിവാഹിതനാണെന്ന വിവരം അറിഞ്ഞ് യുവതി പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ വിരോധത്തിൽ രണ്ടു തവണ വീടുകയറി മർദിക്കുകയും അപമാനിക്കുകയും പാസ്‌പോർട്ട് മോഷ്ടിച്ചു കടക്കുകയും ചെയ്ത യുവാവിനെ തിരുവല്ല പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.

നിരണം കാടുവെട്ടിൽ വീട്ടിൽ സച്ചിൻ കെ സൈമൺ (30) ആണ് അറസ്റ്റിലായത്. 17 ന് രാത്രിയും പിറ്റേന്ന് രാവിലെയുമായിരുന്നു അതിക്രമം. ആദ്യ തവണ വീട്ടിൽ അതിക്രമിച്ചുകടന്ന ഇയാൾ യുവതിയുടെ കിടപ്പുമുറിയുടെ വാതിൽ അടച്ചശേഷം മുഖത്തടിക്കുകയും ദേഹത്ത് കടന്നുപിടിച്ച് കട്ടിലിൽ കിടത്തി കൈകൾ പിന്നിലേക്ക് വലിച്ചു പിടിക്കുകയും ഉപദ്രവിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്യുകയായിരുന്നു. യുവതി ബഹളം വച്ചപ്പോൾ ഇറങ്ങിപ്പോയ യുവാവ് അടുത്തദിവസം രാവിലെ എട്ടു മണിക്കെത്തി അതിക്രമം ആവർത്തിച്ചു. കൂടാതെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാൾ, യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ പാസ്‌പോർട്ട് എടുത്തു കടന്നുകളയുകയായിരുന്നു.

സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞ യുവതിയുടെ മൊഴി സി പി ഓ ശില്പ രേഖപ്പെടുത്തി, തുടർന്ന് എസ് ഐ കെ സുരേന്ദ്രൻ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. യുവതിയും പ്രതിയും മുമ്പ് പരിചയക്കാരായിരുന്നു, അടുപ്പത്തിലായശേഷമാണ് ഇയാൾക്ക് ഭാര്യയും കുടുംബവുമുണ്ടെന്ന് അറിഞ്ഞത്. തുടർന്ന്, യുവതി ഇയാളിൽ നിന്ന് അകലുകയും, വിദേശത്ത് ജോലിക്ക് പോകുകയും ചെയ്തു. അവധിക്ക് നാട്ടിലെത്തിയത് അറിഞ്ഞ പ്രതി വീട്ടിലെത്തി ഉപദ്രവിക്കുകയും മാനഹാനിപ്പെടുത്തുകയും പാസ്‌പോർട്ട് മോഷ്ടിക്കുകയും ചെയ്യുകയായിരുന്നെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.

എസ് ഐയുടെ നേതൃത്വത്തിൽ വ്യാപകമായി നടത്തിയ അന്വേഷണത്തിൽ, പ്രതിയെ ഉച്ചക്ക് ഒരു മണിയോടെ ആലുംതുരുത്തിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ വൈകിട്ട് 7 ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് നടത്തിയ തെളിവെടുപ്പിനിടെ, ആലുംതുരുത്തി പാലത്തിനു സമീപത്തെ ബാർബർ ഷോപ്പിന്റെ ഉള്ളിലെ മേശയിൽ നിന്നും പാസ്‌പോർട്ട് കണ്ടെടുത്തു. പ്രതിക്ക് ചെങ്ങന്നൂർ എക്‌സൈസിൽ ഒരു കേസും, പുളിക്കീഴ് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും നിലവിലുണ്ട്. എക്‌സൈസ് കേസ് മാവേലിക്കര കോടതിയിൽ വിചാരണയിലാണ്.

പോലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ, എസ് ഐ കെ സുരേന്ദ്രന് പുറമെ എ എസ് ഐ രാജേഷ്, എസ് സി പി ഓമാരായ സന്തോഷ്, രവികുമാർ, അനീഷ്, സി പി ഓ ജേക്കബ് എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *