ആലപ്പുഴ – ഡ്രൈഡേയിൽ വീട്ടിൽ വെച്ച് അനധികൃത മദ്യവിൽപ്പന നടത്തിയയാളെ എക്സൈസ് പിടികൂടി. ചേർത്തല കഞ്ഞിക്കുഴി മൂലം വെളിവടക്കേ കോളനിയിൽ ഷാജി( 48) ആണ് 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്. ഷാജിയുടെ വീട്ടിലേക്ക് പതിവില്ലാതെ ആളുകളുടെ വരവും പോക്കും കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം എക്സൈസിനെ അറിയിച്ചത്.
എക്സൈസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യം ശേഖരിച്ച് വെച്ച് വില്പന നടത്തിയതായി കണ്ടെത്തി. പരിശോധനയിൽ 3.5 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ചേർത്തല എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഫൽ, ശ്രീലാൽ, അമൽ രാജ്, സുലേഖ, അസി. ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ ബെൻസി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


