പത്തനംതിട്ട നഗരത്തിൽ വാട്ടർ അതോറിറ്റി ഒരുക്കിയിരിക്കുന്ന ഈ വാരിക്കുഴിയിൽ വീണു കാലൊടിയാൻ ഇനിയെത്രപേർ ?

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: നഗര ഹൃദയത്തിൽ മിനി സിവിൽ സ്റ്റേഷന് എതിർവശത്തെ റോഡിൽ പൈപ്പ് പൊട്ടിയുണ്ടായ കുഴി പരിഹരിക്കാൻ ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ല. ഒരു കാഴ്ചാ പരിമിതൻ കുഴിയിൽ വീണെങ്കിലും കാലൊടിയാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച അതിരാവിലെയാണു പൈപ്പ് പൊട്ടിയത്. അതിശക്തമായ പൊട്ടലിൽ റോഡിന്റെ വശത്ത് ഗർത്തം രൂപം കൊണ്ടു കടകളിലേക്ക് വെള്ളം ഇരച്ചു കയറി നാശനഷ്ടം നേരിട്ടു. തുണിക്കടകളിൽ തുണി നനഞ്ഞു. മൊബൈൽ കടകൾ ഉൾപ്പെടെ വെള്ളംകയറി നാശം സംഭവിച്ചു. ജലവിതരണം നിർത്തി വച്ചെങ്കിലും റോഡിലുണ്ടായ കുഴി അടയ്ക്കാൻ തയാറായില്ല.

കുഴിക്ക് ചുറ്റും പ്ലാസ്റ്റിക് റിബൺ വലിച്ചു കെട്ടി, കോണും കൊടിയു വച്ച് അപകടമുന്നറിയിപ്പ് നൽകുകയായിരുന്നു. ഇക്കാര്യമറിയാതെ നടന്നു വന്ന കാഴ്ചപരിമിതനാണ് ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ ഗർത്തത്തിൽ വീണത്. സമീപത്തെ കടയിലുള്ളവർ ഓടിയെത്തി ഇദ്ദേഹത്തെ പിടിച്ചു കയറ്റുകയായിരുന്നു. പരുക്കുകളൊന്നും ഉണ്ടായില്ല. ഈ ഭാഗത്ത് കൂടി സഞ്ചരിക്കാനും പറ്റാത്ത സ്ഥിതിയാണിപ്പോൾ.

പൈപ്പ് പൊട്ടിയതോടെ നഗരത്തിൽ ഒട്ടുമിക്ക ഭാഗത്തും കുടിവെള്ള വിതരണവും മുടങ്ങി. നോയമ്പ് മാസത്തിൽ വെള്ളം കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അടുത്തിടെ പുതുക്കി നിർമിച്ച റോഡിലാണ് പൈപ്പ് പൊട്ടി വൻകുഴി രൂപപ്പെട്ടത്. രണ്ടു ദിവസം മുൻപ് ചെറിയ രീതിയിൽ ഈ ഭാഗത്ത് വെള്ളം ഒഴുകിയിരുന്നു. പിന്നീടാണ് ശക്തമായി പൊട്ടി ജലം കുത്തിയൊഴുകിയത്. റോഡ് പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ജലഅതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്.

ടാറിങ് പൂർത്തിയായി അധികനാൾ കഴിയും മുൻപെ നഗരത്തിലെ പല ഭാഗത്തും പൈപ്പ് പൊട്ടി റോഡു തകരുന്നുണ്ട്. പഴയ പൈപ്പുകളാണ് പലയിടത്തുമുള്ളത്. ചിലയിടങ്ങളിൽ പുതിയതും പഴയതുമായ പൈപ്പുകൾ സംയോജിപ്പിക്കുന്നതും പൊട്ടുന്നതിന് കാരണമാകുന്നതായി പരാതിയുണ്ട്. നോയമ്പ് മാസത്തിൽ വെള്ളം കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എത്രയും പെട്ടെന്ന് ശരിയാക്കാനുള്ള നടപടി ഉണ്ടാകണമെന്ന് കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി അബ്ദുൽഷുക്കൂർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *