ഉമാ തോമസ് എംഎൽഎ: വേഗത്തിൽ തന്നെ ആരോഗ്യം വീണ്ടെടുക്കും ; മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ചു

Kerala Eranakulam
Print Friendly, PDF & Email

എറണാകുളം – ഉമാ തോമസ് എംഎൽഎ എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന ആശുപത്രി സന്ദർശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യസ്ഥിതി വിലയിരുത്തി. മകൻ വിഷ്ണുവിനെ കണ്ട് മന്ത്രി സംസാരിച്ചു. ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ അറിയിച്ചു. വേഗത്തിൽ തന്നെ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഉമാ തോമസ് എംഎൽഎ മറ്റുള്ളവരുടെ സഹായത്തോടെ കസേരയിൽ ഇരുന്നതായും ഡോക്ടർമാർ അറിയിച്ചു.

മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രശസ്ത കാർഡിയോ തൊറാസിക് ആന്റ് വാസ്‌കുലർ സർജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സ വിലയിരുത്തി വരുന്നു. വിദഗ്ധ സംഘവും ആശുപത്രിയിലെ മെഡിക്കൽ ബോർഡും ചർച്ച ചെയ്താണ് ട്രീറ്റ്‌മെന്റ് പ്ലാൻ ഏകോപിപ്പിക്കുന്നത്. കൃത്യമായ രീതിയിൽ ചികിത്സ തുടരുന്നതായി സംഘം അറിയിച്ചു. അണുബാധാ നിയന്ത്രണത്തിന്റെ ഭാഗമായി നിലവിൽ സന്ദർശകരെ അനുവദിക്കാറില്ല.

അൻവർ സാദത്ത് എംഎൽഎ, എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, ചികിത്സിക്കുന്ന ഡോക്ടർമാർ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *