റാന്നി: ‘സുരേഷ് റാന്നി’. തഴക്കവും പഴക്കവും ചെന്ന ലേഖകന്മാർക്കൊപ്പം മിക്കപ്പോഴും മംഗളം ദിനപത്രത്തിന്റെ ഒന്നാം പേജിൽ ഇടം പിടിച്ചിരുന്ന ബൈലൈൻ ആയിരുന്നു അത്. ചെയ്യുന്നത് പ്രാദേശിക പത്രപ്രവർത്തകന്റെ ജോലിയാണെങ്കിലും വി.കെ. സുരേഷ് എന്ന സുരേഷ് റാന്നി പലപ്പോഴും ദേശീയഅന്തർദേശീയ തലത്തിൽ നിന്ന് വരെ വാർത്തകൾ കണ്ടെത്തിയിരുന്നു. പത്രത്തിന്റെ ഒന്നാം പേജിൽ ആ വാർത്തകൾ സ്വന്തം ബൈലൈനോട് കൂടി അടിച്ചു വരുന്നത് കാണുമ്പോൾ സുരേഷ് ചെറുചിരിയോടെ പറയും ‘ചുമ്മാതൊന്ന് വിളിച്ചു നോക്കിയതാണ്. വിവരങ്ങൾ മുഴുവൻ കിട്ടി’.
മംഗളത്തിൽ 20 വർഷത്തിലധികം റാന്നി ലേഖകനായി ജോലി നോക്കിയിരുന്ന സുരേഷ് 27 ന് രാത്രി 11 മണിയോടെയാണ് ഹൃദ്രോഗ ബാധയെ തുടർന്ന് അന്തരിച്ചത്. തപാൽ വകുപ്പിലെ ജോലിത്തിരക്കും പത്രപ്രവർത്തനവും ഒന്നിച്ച് കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഏറെ ഇഷ്ടപ്പെട്ട എഴുത്തിന്റെ വഴിയിൽ നിന്ന് അദ്ദേഹം വേദനയോടെ പിന്മാറി. അത് തപാൽ വകുപ്പിന്റെ നേട്ടമായി. നാരങ്ങാനം എന്ന ഗ്രാമത്തിലെ കണമുക്ക് എന്ന് കൊച്ച് പോസ്റ്റ് ഓഫീസ് ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്നതിന് സുരേഷ് കാരണക്കാരനായി. നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹം വാരിക്കൂട്ടിയത്. അതും വാർത്തയായി. വാർത്ത എഴുതി മാത്രം ശീലിച്ച സുരേഷ് താനും ഒരു വാർത്തയാകുന്നത് കണ്ട് ഏറെ സന്തോഷിച്ചു.

എയർ ഇന്ത്യയിൽ ജോലി നോക്കവേ പിതാവ് രോഗബാധിതനായത് അറിഞ്ഞ് നാട്ടിലേക്ക് തിരിക്കുമ്പോൾ അവധി കഴിഞ്ഞ് മടങ്ങാനുള്ള ടിക്കറ്റും
നൽകിയാണ് അവർ അയച്ചത്. റാന്നിയിൽ എത്തിയതോടെ ശ്രദ്ധ സഹോദരന്റെ പത്രപ്രവർത്തന രംഗത്തേക്ക് തിരിഞ്ഞു. പിതാവിന്റെ മരണ ശേഷവും എയർ ഇന്ത്യയിലെജോലിക്കായി മുംബൈയ്ക്ക് പറന്നില്ല. പതിറ്റാണ്ടുകൾക്ക് ശേഷം 2018 ൽ മഹാപ്രളയംഉണ്ടാകും വരെ ആ വിമാനടിക്കറ്റ് കൈവശം സൂക്ഷിച്ചിരുന്നു. ഇത്തരം കാര്യങ്ങളാണ് സുരേഷിനെ വ്യത്യസ്തനാക്കുന്നത്. ബിരുദം നേടിയ ശേഷം റാന്നിയിൽ അധ്യാപകനായി കർമ്മ മണ്ഡലത്തിൽ തുടക്കം. പിന്നീട് മുംബൈ എയർ ഇന്ത്യയിൽ.
മടങ്ങിയെത്തി സംസ്ഥാന ലൈസൻസ് നേടി ആധാരമെഴുത്തിലേക്ക് തിരിഞ്ഞു. പിന്നീട് സഹോദരൻ വി.കെ.രാജഗോപാലിന്റെ പാത പിന്തുടർന്ന് പത്ര പ്രവർത്തനരംഗത്തേക്ക്. മാതൃഭൂമി ലേഖകനായി തുടക്കം. ശബരിമല വരെ നീളുന്ന റാന്നി മേഖലയിൽ വാർത്തയ്ക്കായി അധികവും സഞ്ചരിക്കേണ്ടത് വനത്തിലൂടെ.യാത്രാ സൗകര്യം കുറവായ അക്കാലത്ത് ഉൾവനത്തിലേക്ക് കയറിയാൽ ചിലപ്പോൾ മടക്കംദിവസങ്ങൾ കഴിഞ്ഞാകും. ഭക്ഷണം പോലും ഇല്ലാതെ വാർത്താ ശേഖരണത്തിനായി വനത്തിലൂടെ നടത്തം. ഇക്കാലത്ത് വനമേഖലയിൽ നടക്കുന്ന നിരവധി നിയമ ലംഘനങ്ങൾ സുരേഷ് പുറത്തു കൊണ്ടു വന്നിരുന്നു. പഴയ കാമറ ഉപയോഗിച്ച് വനത്തിലെ ചിത്രങ്ങൾ എടുത്ത് പരമ്പരയും പ്രസിദ്ധീകരിച്ചു. അക്കാലത്ത് പത്രങ്ങളിൽ വന്ന ഈ വാർത്തകൾ ഏറെ ശ്രദ്ധ നേടി.

മംഗളം ദിനപത്രത്തിൽ ലേഖകനായതോടെ ആസ്ഥാനം പഴവങ്ങാടിയിലേക്ക് മാറി. ഏത്‌വിഷയത്തിലും അഭിപ്രായം രേഖപ്പെടുത്തുകയും സത്യസന്ധമായ വാർത്തകൾ കൃത്യതയോടെ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ വി.കെ. സുരേഷ് മംഗളം സുരേഷായി മാറി. രാത്രി എത്ര വൈകിയാലും നടക്കുന്ന സംഭവങ്ങൾ അടുത്ത ദിവസത്തെ പത്രത്തിൽ വരണമെന്ന് നിർബന്ധം ഉണ്ടായിരുന്ന സുരേഷ് എന്ത് മാർഗവും സ്വീകരിച്ചിരുന്നു. ഇതിനായി പലരുടെയും എതിർപ്പുകൾ നേരിടേണ്ടിയും വന്നിട്ടുണ്ട്. മികച്ച പ്രവർത്തനത്തിനുള്ള ആദരവ് മിക്കപ്പോഴും നേടി എടുക്കന്നതിലേക്കാണ് അന്തിമമായി ഈ പ്രവർത്തനങ്ങൾ ചെന്നെത്തിയിരുന്നത്. ഒപ്പം റാന്നിയിൽ മംഗളത്തിന്റെ വളർച്ചക്കും ഇത് കാരണമായി. പോസ്റ്റ് ഓഫിസിൽ ജോലിയിൽ ചേർന്നതോടെ ഇവിടെയും ഒന്നാമനാകുക ആയിരുന്നു ലക്ഷ്യം.

നാരങ്ങാനം നോർത്ത് പോസ്റ്റ് ഓഫിസിൽ അസി.ബ്രാഞ്ച് പോസ്റ്റുമാസ്റ്റർ ആയ സുരേഷിനെ അവാർഡുകളുടെ കളിത്തോഴൻ എന്നാണ് വിളിക്കുന്നത്. ഓഫിസിലെ മൂന്നു ഷെൽഫുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ട്രോഫികളും മൊമെന്റോകളും സർട്ടിഫിക്കറ്റുകളിലും അധികവും വിവിധ പദ്ധതികൾ വിജയകരമായി നടപ്പാക്കിയതിന് സുരേഷിന് ലഭിച്ച അംഗീകാരങ്ങളാണ്. ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിൽ പോസ്റ്റൽ ഇൻഷുറൻസ് ബിസിനസിൽ അടക്കം രണ്ടു തവണ എക്‌സലൻസ് അവാർഡ് ഉൾപ്പെടെ നാലുതവണ സംസ്ഥാന തലത്തിൽ അവാർഡ് സ്വന്തമാക്കിയ ജീവനക്കാരനാണ് സുരേഷ് . ദേശീയ തലത്തിൽ സുരക്ഷാ കവച് ജനറൽ ഇൻഷുറൻസ് മത്സരത്തിന് രണ്ടാം സ്ഥാനം നേടിയിരുന്നു കേരളാ സർക്കിൾ തലത്തിൽ നടന്ന മത്സരത്തിൽ വിജയിച്ച് ബാഹുബലി അവാർഡും സ്വന്തമാക്കി. ജനങ്ങൾക്ക് പരമാവധി സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സുരേഷിന്റെ പ്രവർത്തനം. ഇപാൻ എടുത്തു നൽകുന്നതും ആധാർ പി.വി.സി കാർഡു നൽകുന്നതും കർഷകരെ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിൽ ഉൾപ്പെടുത്തി അവർക്ക് സഹായം ലഭ്യമാക്കുന്നതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. നാട്ടുകാരുടെ കൂട്ടായ്മയിൽ കണമുക്കിൽ പാറ പുറമ്പോക്കു ഭൂമിയിൽ ഏതാനും വർഷങ്ങൾക്കു മുമ്പു സ്ഥാപിച്ച കെട്ടിടത്തിലാണ് പോസ്റ്റോഫിസ് പ്രവർത്തിക്കുന്നത്. ഇവിടെ വൈദ്യുതി ലഭ്യമല്ലാത്തതിനാൽ സുരേഷ് സ്വന്തം പണം മുടക്കിയാണ് സൗരോർജ ഫാനും ബൾബും സ്ഥാപിച്ചത്. ഇവിടെയെത്തുന്ന പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കുടിവെള്ളം അടക്കം ക്രമീകരിച്ചിട്ടുണ്ട്.

നാരങ്ങാനം പഞ്ചായത്തിലെ അഞ്ചു വയസിൽ താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ആധാർ എടുത്തു നൽകുന്ന കംപ്ലീറ്റ് ചൈൽഡ് ആധാർ പ്രോഗ്രാം സ്വന്തം നിലയിൽ തയ്യാറാക്കി നടപ്പാക്കി വരികയായിരുന്നു. വിവിധ സബ്ഡിവിഷനകളിൽ എത്തി ജീവനക്കാർക്ക് പോസ്റ്റൽ സേവനങ്ങൾ സംബന്ധിച്ച് ക്ലാസുകൾ എടുക്കുന്നതിനും വകുപ്പ് സുരേഷിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ഹൃദയ സംബന്ധമായ രോഗം ഉണ്ടായപ്പോഴും ആശുപത്രി വിട്ടാൽ ഉടൻ ഓഫീസിലെത്തുക ആയിരുന്നു ലക്ഷ്യം. എന്നാൽ വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം ആശുപത്രിയിലേക്ക് പോയത് ഇനി മടക്കമില്ല എന്നറിയാതെ ആയിരിക്കാം.

– ടി.കെ.സുധീഷ് കുമാർ
(കടപ്പാട്: മംഗളം ദിനപത്രം ഡിസംബർ 29)


