പത്തനംതിട്ട – ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ല ഭക്ഷണശാലകളിലും ജില്ലാ കലക്ടർ പ്രസിദ്ധപ്പെടുത്തുന്ന വിലവിവര പട്ടിക (വിവിധ ഭാഷകളിലുളളത്) തീർഥാടകർക്ക് കാണത്തക്ക വിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദർശിപ്പിക്കുന്നത് ജനുവരി 25 വരെ കർശനമാക്കി ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ ഉത്തരവായി.
*റോഡുകളുടെ വശങ്ങളിൽ പാചകം ചെയ്യുന്നത് നിരോധിച്ചു
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാർക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ ഉത്തരവായി.
*ഗ്യാസ് സിലിണ്ടർ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ളാഹ മുതൽ സന്നിധാനം വരെയുളള ഭക്ഷണശാലകളിൽ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകൾ അപകടകരമായി പൊതുസ്ഥലങ്ങളിൽ സൂക്ഷിക്കുന്നതും ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ ഉത്തരവായി.
*മാംസാഹാരം ശേഖരിച്ചുവെക്കുന്നതും വിൽപന നടത്തുന്നതും നിരോധിച്ചു
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ളാഹ മുതൽ സന്നിധാനം വരെയുളള തീർഥാടന പാതകളിലെ ഭക്ഷണശാലകളിൽ മാംസാഹാരം ശേഖരിച്ചുവെക്കുന്നതും പാചകം ചെയ്യുന്നതും വിൽപന നടത്തുന്നതും ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ ഉത്തരവായി.
*അനധികൃത വഴിയോര കച്ചവടങ്ങൾ നടത്തുന്നത് നിരോധിച്ചു
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പമ്പ മുതൽ സന്നിധാനം വരെയുളള തീർഥാടന പാതകളിൽ അനധികൃത വഴിയോര കച്ചവടങ്ങൾ നടത്തുന്നത് ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ ഉത്തരവായി.
*ആടുമാടുകളെ കെട്ടിയിടുന്നതും മേയാൻ വിടുന്നതും നിരോധിച്ചു
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വടശ്ശേരിക്കര മുതൽ അട്ടത്തോട് വരെയുളള തീർഥാടന പാതകളുടെ വശങ്ങളിൽ ആടുമാടുകളെ കെട്ടിയിടുന്നതും മേയാൻ വിടുന്നതും ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ ഉത്തരവായി.


