ജീവനക്കാരുടെ ഒത്താശയോടെ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് ; ഒന്നാം പ്രതി പിടിയിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: കടമ്മനിട്ട കല്ലേലിമുക്കിൽ പ്രവർത്തിക്കുന്ന താഴയിൽ നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്താശയോടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒന്നാം പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടുകോട്ടക്കൽ വഞ്ചിപ്പൊയ്ക വെള്ളടംചിറ്റയിൽ വീട്ടിൽ ലാലു വർഗീസ് (63)ആണ് പിടിയിലായത്. രണ്ടും മൂന്നും പ്രതികൾ യഥാക്രമം മാനേജരും ജീവനക്കാരനുമാണ്. സ്ഥാപനത്തിലെ ലിറ്റിഗേഷൻ ഓഫീസർ കോട്ടയം പുതുപ്പള്ളി എള്ളുകാല തലക്കോട്ടുച്ചാലിൽ ടി പി ഷാജിയുടെ മൊഴിപ്രകാരം ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേസിൽ ആകെ നാലു പ്രതികളാണ് ഉള്ളത്.

നാലു തവണകളായി 125.35 ഗ്രാം തൂക്കം വരുന്ന 15 വളകൾ സ്വർണാഭരണമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണയം വച്ച ശേഷം ആകെ 646900 രൂപ യാണ് പ്രതി സ്ഥാപനത്തെ കബളിപ്പിച്ച് എടുത്തത്. രണ്ടും മൂന്നും പ്രതികൾ ചേർന്നാണ് ഇയാളിൽ നിന്നും വളകൾ സ്വീകരിച്ച് പണം നൽകിയത്. നാലാം പ്രതിയാണ് ലാലുവിനെ സ്ഥാപനത്തിൽ പരിചയപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിൽ 29 മുതലാണ് തട്ടിപ്പ് നടന്നത്.

മേയ് 14 ന് ഒടുവിലായി വച്ച പണയം ജൂലൈ 10 ന് പുതുക്കി വക്കുകയായിരുന്നു. ഓഗസ്റ്റ് 30 ന് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു പരിചയക്കാരൻ പത്തനംതിട്ടയിൽ വച്ച് പണയം വക്കാൻ മുക്കുപണ്ടങ്ങൾ ഏൽപ്പിച്ചതാണെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പണയമുതലുകൾ പ്രതിയുമായി സ്ഥാപനത്തിൽ നടത്തിയ തെളിവെടുപ്പിൽ പോലീസ് കണ്ടെടുത്തു. അപ്രൈസറെ കൊണ്ട് പരിശോധിപ്പിക്കുകയും തൂക്കിനോക്കുകയും മറ്റും ചെയ്തു.

പണയം വച്ചത് സംബന്ധമായ രേഖകൾ പോലീസ് പിടിച്ചെടുത്തു. കേസിൽ കൂടുതൽ പ്രതികളുണ്ടോ, സമാന രീതിയിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണം നടന്നുവരികയാണ്. ആറന്മുള പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീൺ, എസ് ഐമാരായ അലോഷ്യസ്, സന്തോഷ്, എസ് സി പി ഓ പ്രദീപ്,സി പി ഓമാരായ സെയ്ഫ്, വിനോദ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *