അരിക്കൊമ്പൻ തിരികെ പെരിയാർ കടുവ സങ്കേത മേഖലയിലെത്തി !!

Kerala Idukki
Print Friendly, PDF & Email

ഇടുക്കി : തമിഴ്‌നാട് കാട്ടിൽ നിന്നും നടന്നുനടന്ന് അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ മടങ്ങിയെത്തി . മുല്ലക്കുടിയിലാണ് ആന ഇപ്പോൾ ഉള്ളതെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൻറേയും തമിഴ്നാടിൻറേയും അതിർത്തി വനമേഖലയിൽ ചുറ്റിത്തിരിയുകയായിരുന്നു അരിക്കൊമ്പൻ. ദിവസേന ഏഴ് മുതൽ എട്ട് കിലോ മീറ്റർ വരെ കൊമ്പൻ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. തമിഴ്നാട് – കേരള വനാതിർത്തിയിലായിരുന്നു കൊമ്പന്റെ സഞ്ചാരം. എന്നാൽ ഇന്നലെ രാവിലെ മുതൽ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിന് ഉള്ളിൽ തന്നെയായിരുന്നു ഉള്ളത്.

നാട്ടിലിറങ്ങിയുള്ള പരാക്രമങ്ങളെ തുടർന്നാണ് കഴിഞ്ഞ മാസം അരിക്കൊമ്പനെ മയക്കുവെടിവച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി ലോറിയിൽ കയറ്റി പെരിയാർ കടുവസങ്കേതത്തിനുള്ളിൽ കൊണ്ടുപോയി തുറന്നുവിട്ടത്. ഏതാനും ദിവസത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന അരിക്കൊമ്പൻ മേഘമലയിൽ വിഹരിക്കുകയായിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടതിനാലാണ് വനംവകുപ്പിന് ആനയുടെ നീക്കം അറിയാനാവുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പന്റെ ആരോഗ്യനില പൂർണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നൽകിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *