തിരുവനന്തപുരം: ജില്ലയിലെ പ്രധാന സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശിക്കെതിരെയാണ് വീട്ടമ്മയേയും കുട്ടിയേയും മർദിച്ചതായി പരാതി. തട്ടുകടയുടെ ഊണ് റെഡി ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയ്യാങ്കളിയിൽ എത്തിയത്. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ അരുണിൻറെ തട്ടുകടക്ക് മുന്നിലാണ് സംഭവം. ബോർഡ് റോഡിലാണ് വച്ചിരിക്കുന്നതെന്നും ഇത് ഇവിടെ നിന്നും മാറ്റണമെന്നാണ് സിപിഎം നേതാവിൻറെ ആവശ്യം. ബോർഡ് മാറ്റാൻ കഴിയില്ലെന്ന് കട നടത്തുന്ന വീട്ടമ്മ പറഞ്ഞതോടെയാണ് തർക്കമുണ്ടായത്.
അരുണിൻറെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തർക്കിക്കുന്നതിൻറെ ദൃശ്യം പുറത്തുവന്നു. സംഭവം ഫോണിൽ പകർത്തുന്നതിനിടെ സുകന്യയുടെ മകൻറെ കൈയിൽ നിന്നും ശശി മൊബൈൽ തട്ടിയെറിയുന്നതും തുടർന്ന് സ്ത്രീകളെ മർദിക്കാൻ ശ്രമിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലുണ്ട്. കടയുടമ ആര്യനാട് സ്റ്റേഷനിൽ പരാതി നൽകി. അതേസമയം കടയുടമ കൈയ്യേറ്റം
ചെയ്തെന്നാരോപിച്ച് നേതാവും പോലീസിൽ പരാതി നൽകി. അടുത്തിടെയാണ് ശശി നേതാവ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്.


