മൂന്ന് ആൺമക്കളും രണ്ട് പെൺ മക്കളുമുളള വൃദ്ധയായ സ്ത്രീയ്ക്ക് തനിക്ക് പ്രാണഭയമില്ലാതെ പാർക്കാനൊരിടം തേടി അടൂർ പോലീസ് സ്റ്റേഷനിലെത്തി.
പെരിങ്ങനാട് ചെറുപുഞ്ച മംഗലശ്ശേരിൽ പരേതനായ വിമുക്തഭടൻ എ രാഘവന്റെ ഭാര്യ ഭാരതി (69)യാണ് സ്ഥിരമായ സംരക്ഷണമാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി സബ് ഇൻസ്പെക്ടർ വിപിൻകുമാറിന്റെ സഹായം തേടിയത്.
ഇടത് കണ്ണിൽ കാഴ്ചക്കുറവും കാൽമുട്ട് തേയ്മാനവും കൈക്കും കാലിനും പെരുപ്പും,ഓർമ്മക്കുറവും, ഭയവും ഉളള നിലയിലാണ് ഭാരതിയമ്മ സ്റ്റേഷനിൽ അഭയം തേടിയത്. മദ്യപിച്ച് എത്തുന്ന ആൺമക്കളുടെ മർദ്ദനവും ഭീഷണിയും സഹിക്കാൻ കഴിയാതെയാണിവർ വീടുവിട്ടത്. പിങ്ക് പോലീസിനേ അയച്ച് മക്കളേ വിളിപ്പിക്കാൻ സബ് ഇൻസ്പെക്ടർ വിപിൻ കുമാർ ശ്രമിച്ചെങ്കിലും അവരാരും സ്ഥലത്തുണ്ടായിരുന്നില്ല.തുടർന്നാണ് അദ്ദേഹം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനുമായി ബന്ധപ്പെട്ടത്. അവിടെ നിന്നുളള നിർദ്ദേശത്തേ തുടർന്ന് മിത്രപുരം കസ്തൂർബാ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി, മാനേജർ സോമൻപിളള എന്നിവരെത്തി ഭാരതിയമ്മയേ ഏറ്റുവാങ്ങിയത്.
സബ് ഇൻസ്പെക്ടർ വിപിൻ കുമാറിനേ കൂടാതെ പിങ്ക് പട്രോൾ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ എം ബീന,സുനിത, ഗീത, കസ്തൂര്‍ബ ഗാന്ധിഭവൻ വികസന സമിതി ഭാരവാഹികളായ എസ്.മീരാസാഹിബ്, ലതാവിജയൻ, ആർ രാമകൃഷ്ണൻ, കെ ഹരിപ്രസാദ്, നഴ്സിംഗ് സ്റ്റാഫ് സുഭദ്ര,വിനുരാജ് എന്നിവർ നേതൃത്വംനൽകി.


