ശബരിമല: ഇന്നലെ ദീപാരാധനയ്ക്ക് തങ്കഅങ്കി ചാർത്തിയ കലിയുഗവരദന്റെ തിരുരൂപം ഭക്‌തസഹസ്രങ്ങൾക്ക് ദർശന സുകൃതമായി. മൂന്നു ദിവസം മുമ്പ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു തിരിച്ച തങ്കയങ്കി ഘോഷയാത്രയ്‌ക്ക് ഭക്‌തിസാന്ദ്രമായ വരവേൽപ്പാണ് സന്നിധാനത്ത് ലഭിച്ചത്.
പമ്പ ദേവസ്വം സ്‌പെഷൽ ഓഫീസർ മനോജ് കുമാർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തങ്കഅങ്കി പേടകം സ്വീകരിച്ച് ആനയിച്ചത്. വൈകിട്ട് മൂന്നു വരെ ഭക്‌തർക്ക് തങ്കഅങ്കി ദർശിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. 3.30 ന് തങ്കഅങ്കി പേടകത്തിലാക്കി സന്നിധാനത്തേക്ക് പുറപ്പെട്ടു. ഇതാദ്യമായി തിരുവാഭരണ പേടകം വഹിക്കുന്നവരായിരുന്നു പമ്പയിൽനിന്നു തങ്കയങ്കി പേടകംസന്നിധാനത്തേക്ക് എത്തിച്ചത്.
അഞ്ചിന് ശരംകുത്തിയിലെത്തിയ ഘോഷയാത്ര ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ബി.കൃഷ്‌ണകുമാർ, അസിസ്‌റ്റന്റ് എക്‌സി ക്യൂട്ടീവ് ഓഫീസർ വിനോദ് കുമാർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു, സോപാനം സ്‌പെഷൽ ഓഫീസർ അരവിന്ദ് എന്നിവർ ചേർന്ന് സ്വീകരിച്ച് സന്നിധാനത്തേക്കാനയിച്ചു. 6.15ന് പതിനെട്ടാംപടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വംമന്ത്രി കെ. രാധാകൃഷ്‌ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം കമ്മിഷണർ സി.എൻ. രാമൻ, ചീഫ് എൻജിനീയർ അജിത്ത് കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി സോപാനത്തെക്കാനയിച്ചു. തന്ത്രി കണ്‌ഠര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ. മഹേഷ് എന്നിവർ ചേർന്ന് തങ്കഅങ്കി ഏറ്റു വാങ്ങി ഭഗവാന് ചാർത്തി ദീപാരാധന നടത്തി.
ഇന്ന് രാവിലെ 10.30 നും 11 .30 നും മധ്യേ തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് മണ്ഡലപൂജ. രാത്രി 10 ന് ഹരിവരാസനം പാടി നടയടയ്‌ക്കുന്നതോടെ മണ്ഡല കാലതീർത്ഥാടനത്തിന് സമാപനമാകും. തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും.


