റാന്നി: മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ സന്ദർശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ദമരുതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവകാശങ്ങൾ പാടില്ലെന്നും അതിൽ പുനർവിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ട ആർ.എസ്.എസ് നേതാവാണ് ദത്താത്രേയ ഹൊസബല. അങ്ങനെയുള്ള ആളെ കാണാനാണ് മുഖ്യമന്ത്രി തന്റെ ദൂതനായി എ.ഡി.ജി.പിയെ വിട്ടത്. ഇതിന്റെയെല്ലാം തുടർച്ചയാണ് തൃശൂരിൽ ബി.ജെ.പിക്കുണ്ടായ അട്ടിമറി വിജയമെന്ന് അദ്ദേഹം പറഞ്ഞു.
കമ്മിഷണർ അഴിഞ്ഞാടുമ്പോൾ എ.ഡി.ജി.പി സ്ഥലത്ത് ഉണ്ടായിട്ടും അവിടെ പോയില്ല. തൃശൂർ പൂരം കലക്കുക എന്നത് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്ലാൻ ആയിരുന്നു. ബിജെപിയെ ജയിപ്പിക്കാൻ പൂരം കലക്കണമായിരുന്നു. പോലീസ് വഴി അത് നടപ്പാക്കി ഹിന്ദുക്കളെ കബളിപ്പിക്കുകയാണ് ചെയ്തത്. ഉത്സവം കലക്കാൻ വന്നവരാണ് ആചാരത്തെ കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറയുന്നത്
മുഖ്യമന്ത്രി കേസിൽ നിന്നും രക്ഷപ്പെടാൻ ഇതിന് മുമ്പും ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട് .
എ.ഡി.ജി.പിക്കെതിരേ ഒരു നടപടിയും എടുക്കാൻ തയ്യാറല്ല. ആർ.എസ്.എസ് നേതാവിനെ എന്തിന് കണ്ടു എന്ന് വ്യക്തമാക്കണം. ഒരു മണിക്കൂറാണ് എ.ഡി.ജി.പി സംസാരിച്ചത്. സി.പി.എം സമൂഹത്തിൽ പരിഹാസ്യരായി നിൽക്കുകയാണ്. പരസ്പര സഹായ സംഘങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയുമെന്നും അദ്ദേഹം പറഞ്ഞു.


