ഫോൺ സംഭാഷണ വിവാദം ; പത്തനംതിട്ട എസ്‌പി അവധിയിൽ പ്രവേശിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ പത്തനംതിട്ട എസ്‌പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. മൂന്ന് ദിവസത്തേക്കാണ് അവധി. എഡിജിപി എം ആർ അജിത്‌കുമാറിനെതിരെ പി വി അൻവർ എംഎൽഎയോട് എസ്‌പി ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ശബ്‌ദരേഖയാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത്‌കുമാർ പൊലീസിൽ സർവശക്തനാണ് എന്ന് സുജിത് ദാസ്, അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. എല്ലാ ബിസിനസുകാരും അജിത്കുമാറിൻറെ സുഹൃദ് വലയത്തിലാണെന്ന് അൻവർ പറയുമ്പോൾ സുജിത് ദാസ് അത് ശരിവയ്ക്കുന്നുമുണ്ട് ഓഡിയോയിൽ.

അതേസമയം, പി വി അൻവർ എംഎൽഎ നടത്തിയ അഴിമതി ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടായേക്കും എന്നാണ് സൂചന. എഡിജിപിഎം ആർ അജിത്‌കുമാർ, പത്തനംതിട്ട എസ്‌പി സുജിത്ത് ദാസ് എന്നിവർക്കെതിരെ വലിയ സാമ്പത്തിക ആരോപണമാണ് പി വി അൻവർ ഉയർത്തിയത്. അതേസമയം, പി വി അൻവർ എംഎൽഎയുമായുള്ള ശബ്‌ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്.

വിവാദങ്ങൾക്ക് പിന്നാലെ എഡിജിപിയെ കാണാൻ ശ്രമിച്ച എസ്‌പി സുജിത്തിന് അനുമതി നൽകിയിട്ടില്ല. എഡിജിപി എം ആർ അജിത്‌കുമാറിൻറെ ഓഫിസിൽ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നൽകിയില്ല. രണ്ടാഴ്‌ചയോളം മുൻപാണ് സുജിത്ത് ദാസ് പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായി ചുമതലയെറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *