വാതിലിൽ മുട്ടുന്ന വിദ്വാൻമാരെ ജനങ്ങളറിയട്ടെ ; സ്വന്തക്കാരെ സംരക്ഷിക്കാനോ ഈ ഒളിച്ചുകളി ; കെ മുരളീധരൻ

Kozhikkodu
Print Friendly, PDF & Email

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ടിവി ചർച്ചകളല്ല വേണ്ടത്, ആക്ഷനാണ് വേണ്ടതെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. കഴിഞ്ഞ നാലര വർഷം റിപ്പോർട്ടിന്മേൽ അടയിരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. ഹോമക്കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ വൈകിയതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. സോളാർ കമ്മീഷൻ റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ പുറത്തു വിട്ടവരാണിവർ. ഹേമ കമ്മീഷൻ റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിക്കാണ്. പിന്നെ എങ്ങനെയാണ് സർക്കാരിന് ഉത്തരവാദിത്വമില്ലാതാകുന്നതെന്ന് മുരളീധരൻ ചോദിച്ചു.

മന്ത്രി സജി ചെറിയാന്റേത് മുടന്തൻ ന്യായമാണ്. ഇരകൾക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാൽ പോലീസിന് കേസെടുക്കാം. ഇരകളുടെ പേര് വെളിപ്പെടുത്താനാകില്ല എന്ന് മനസിലാക്കാം എന്നാൽ വാതിലിൽ മുട്ടുന്ന വിദ്വാൻമാരെ ജനമറിയട്ടെ. അവന്മാരുടെ സ്‌ക്രീനിൽ തിളങ്ങുന്നവരുടെ യഥാർത്ഥ മുഖം ജനങ്ങൾ മനസ്സിലാക്കട്ടെ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസെടുത്തതിനാൽ നടിയുടെ അവസരം നഷ്ടമായിട്ടില്ലല്ലോ എന്നും കെ മുരളീധരൻ ചോദിച്ചു.

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി യുടെ സമ്മ​ർദ്ദ പ്രകാരമാണ്റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. ഓ​ഗസ്റ്റ് 19ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സിനിമാ മേഖലയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് റിപ്പോർട്ട് പറഞ്ഞുവെക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *