മുണ്ടക്കൈ ചൂരൽമല ദുരന്തം ; അഞ്ചാം ദിനം തിരച്ചിൽ അവസാനിപ്പിച്ചപ്പോൾ കണ്ടെടുത്തത് നാലു മൃതദേഹങ്ങൾ

Kerala Wayanad
Print Friendly, PDF & Email

വയനാട് – മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനം പൂർത്തിയായി. ഇന്നലെ (ശനി) നടത്തിയ തിരച്ചിലിൽ നാലു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതിൽ മൂന്നു മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നാണ് കണ്ടെടുത്തത്. ചാലിയാർ പുഴയിൽ നിന്ന് 13 ശരീര ഭാഗങ്ങളും കണ്ടെടുത്തു.

98പുരുഷന്മാരും 90 സ്ത്രീകളും 31 കുട്ടികളുമടക്കം ഇതു വരെ 219 പേരാണ് ദുരന്തത്തിൽ മരണപ്പെട്ടിട്ടുള്ളത്. ഇതിൽ 152 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 147 ശരീര ഭാഗങ്ങളും കണ്ടെടുത്തു. 119 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 88 പേരാണ് ചികിത്സയിലുള്ളത്. 215 പേരാണ് വിവിധ ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ആയത്. വയനാട് ജില്ലയിൽ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേരാണ് കഴിയുന്നത്.

ശനിയാഴ്ച രാവിലെ ഏഴിന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. ആറു സോണുകളായി നടത്തിയ രക്ഷാദൗത്യത്തിൽ ൽ 1264 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ , ചൂരൽമല , വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദീകരിച്ചത്. ഹ്യുമൻ റസ്ക്യു റഡാർ ഉപയോഗിച്ച് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തി. 31 ഓളം ജെ.സി.ബി. ഹിറ്റാച്ചികൾ വെച്ചായിരുന്നു രക്ഷാപ്രവർത്തനം. വനാതിർത്തികൾ പങ്കിടുന്ന മേഖലകളിൽ തിരച്ചിലിനായി വനം വകുപ്പ് കൂടുതൽ പേരെ വിന്യസിച്ചു. തമിഴ്നാട് അഗ്നി രക്ഷാ സേനയുടെ അഞ്ച് ഡോഗ് സ്ക്വാഡുകളും ഇന്ന് തിരച്ചിലിന് അധികമായി ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപമുള്ള വെള്ളക്കെട്ടിൽ കുടുങ്ങിയ മൂന്നു പേരെ സന്നദ്ധ സേനാ പ്രവർത്തകരെ സൈന്യം ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.

ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കിയായിരിക്കും ഇന്ന് മുതൽ പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *