കറ്റോടു ചീപ്പ് കർഷകർക്കുവേണ്ടി നിർമിച്ചുവെങ്കിൽ കറ്റോട് പാലം മുതൽ ഇന്ന് തോട്ടഭാഗം ഫെഡറൽ ബാങ്ക് ഇരിക്കുന്ന സ്ഥലം വരെയുള്ള റോഡ് പത്തനംതിട്ട .റാന്നി,ശബരിമല, മല്ലപ്പള്ളി തുടങ്ങിയ പ്രദേശത്തേക്കുള്ള പ്രധാന പാതയുടെ ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തു ഉയർത്തി നിർമിച്ചിട്ടുള്ള റോഡുമാണ് .മണിമലയാർ ഈ സ്ഥലങ്ങളിൽ വർഷകാലത്തു ഈ റോഡ് ഉയർത്തുന്നതിനു മുൻപായി കരകവിഞ്ഞു ഒഴുകിയിരുന്നു എന്ന് റോഡിന്റെ ഇരുവശവും പരിശോധിച്ചാൽ ആർക്കും ബോധ്യമാകും.റോഡ് ഉദ്ദേശം ഒരാൾ ഉയരത്തിൽ റോഡിന്റെ ഇരുവശമുള്ള ഭൂമിയെക്കാൾ ഉയർന്നു നില്കുന്നു.വർഷകാലത്തു തിരുവല്ലയിൽ നിന്ന് കിഴക്കോട്ടു പോകുമ്പോൾ വലതുവശത്തുള്ള ആറിന്റെ സൈഡിൽ ഉള്ള പ്രദേശം ആറ്റുവെള്ളം കയറി റോഡിന്റെ ഓരം പറ്റി നില്ക്കുന്നത് നാം കണ്ടിട്ടുള്ളതാണല്ലോ! മറുഭാഗത്തു വെള്ളവും ഉണ്ടാകില്ല. ആറ്റുവെള്ളത്തെ മറുഭാഗത്തേക്കു പോകാതെ നിർത്തിയിരുന്നതു ടി കെ റോഡ് തടയണയായി (ചിറയായി)സംരക്ഷിച്ച് നിർത്തിയിരുന്നതും കറ്റോട്ടെ ഈ വിവാദമായ ചീപ്പും ആയിരുന്നു.(പത്തനംതിട്ട ജില്ലക്കു വളരെ പ്രാധാന്യമുള്ള സ്ഥലമാണ് കറ്റോടു മുതൽ തോട്ടഭാഗം വരെയുള്ള ടി. കെ. റോഡിന്റെ ഒരു കിലോമീറ്റർ ദൂരം).
റോഡ് ഉയർത്താൻ കറ്റോട്‌മുതൽ തോട്ടഭാഗം വരെ പൊതുമരാമത്തു/റവന്യു വകുപ്പ് വർഷങ്ങൾക്കു മുൻപ് റോഡിന്റെ സൈഡിൽ നിന്നും പൊന്നും വിലയ്ക്ക് സ്ഥലം എടുത്ത് അവിടുത്തെ മണ്ണെടുത്താണ് ടി.കെ.റോഡിൻറെ ഉയരം കൂട്ടിയെന്നതു തലമുതിർന്ന, ഇന്നു ജീവിച്ചിരിക്കുന്ന പ്രായമായവരോട് ചോദിച്ചാൽ അറിയാൻ പറ്റും.ഇതിൽ കുറച്ചു ഭാഗത്തെ കുഴികൾ ഇന്നും നികത്താനുണ്ട്.
മണിമല ആറ്റിൽ നിന്നും വെള്ളം കയറുമ്പോൾ കുറച്ചു വെള്ളം ഈ കുഴിയിൽ ഒതുങ്ങുമായിരുന്നു. എന്നാൽ കുഴിയുടെ ഭൂരിഭാഗം സ്ഥലങ്ങൾ നികത്തിയതിൽ വെള്ളമൊഴുക്കു സംബന്ധിച്ചു ഇന്നും ചില ആക്ഷേപവും സ്വാഭാവികമായി നിലനിൽക്കുന്നു. ഇങ്ങനെ മണ്ണിട്ടതിൽ പോരായ്മ ഉണ്ടോ എന്നുള്ള പഠനവും നടത്തുന്നത് നന്നായിരിക്കും.

2018 ലെ വെള്ളപ്പൊക്കം ഇന്നുള്ളവർക്ക് ഒരു നേർക്കാഴ്ചയായതാണ്. അത് അനുഭവിച്ചവരാണ് നാമൊക്കെയും.മനക്കച്ചിറ ജംഗ്ഷനിൽ മണിമലയാർ കര കവിഞ്ഞു.സത്യം മിനിസ്ട്രിയുടെ മുൻപിലും ടി.കെ റോഡ് കവിഞ്ഞൊഴുകി.വള്ളംകുളം മുതൽ കിഴക്കോട്ടു ടി .കെ .റോഡിൽ നാലഞ്ചു ദിവസം ഗതാഗതം തന്നെ ഇല്ലായിരുന്നു.ഇതെല്ലം കണ്ടവരാണ് നാം.
മണിമലയാറിൽ നിന്നും മനക്കൽതോട്ടിൽകൂടിപുഞ്ചയിലേക്കു വെള്ളംകൊണ്ടുപോകാൻ ടി .കെ റോഡിനടിയിൽകൂടി കുഴൽ ഇട്ടിരുന്നിട്ടുണ്ടന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്.ഈ മനക്കൽ തോട്ടിലാണ് കവിയൂർ ഗ്രാമപഞ്ചായത്തു കുറച്ച് വർഷം മുമ്പ് പാർക്ക് പണിതു വെച്ചിട്ടുള്ളത് .ആറ്റിലെ എക്കലും ചെളിയും വന്നടിഞ്ഞു ഈ മനക്കൽ തോട് നികന്നു കര പോലയായി. അതിൽ കൂടിയുള്ള ഉള്ള ഒഴുക്ക് നിലച്ചു.തൊട്ടടുത്തു അടുത്ത് ആറ്റു തീരത്തുനിന്നും കരിമ്പാലിൽ പുരയിടത്തിന്റെ സൈഡിൽ കൂടി ഉണ്ടായിരുന്ന കരിമ്പാലിൽ തോടാണ്.പാലക്കൽ വീടിന്റെ കിഴക്കു ഭാഗത്തുകൂടി ഉള്ള ഈ തോട് ഇന്നത്തെ ഫ്ലാറ്റിന്റെ കിഴക്കുവശത്തുകൂടി മനയ്ക്കലെ വീടിന്റെ മുൻപിൽ കൂടി കുഴിക്കാല വീടിന്റെ പടിഞ്ഞാറുവശത്തുകൂടി ഒഴുകി മാലിയിൽ റോഡിൻറെ അടിയിൽ കൂടി കടന്നു ഇന്ന് മണ്ണിട്ട കുഴികൾക്കു സമീപമുള്ള തോട്ടിൽ കൂടി ആറ്റിൽ തിരിച്ചെത്തുകയായിരുന്നു എന്ന് മുതിർന്നവർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.
ആറ്റിലും എക്കൽ വന്നടിഞ്ഞു കരയായി.ഇന്നിരിക്കുന്ന മനക്കച്ചിറ പാലം ഉള്ള സ്ഥലത്തുള്ള താഴ്ചയും ജംഗ്ഷനോട് ചേർന്നുള്ള ചായക്കടയും മണലു വാരുകാരുടെ ഷെഡ്‌ഡും മറ്റും ഓർക്കുന്നവർ ഉണ്ടാകും. ആറ്റു തീരത്തെ പന്തുകളിയും മറ്റും ഇന്നത്തെ ചെറിയ തലമുറ ഓർക്കാൻ ഇടയില്ല.
കാലം മാറി ,വീടുകൾ വർദ്ധിച്ചു ,തോടുകൾ നികന്നു, ഉണ്ടായിരുന്ന കുഴിയിൽ മണ്ണിട്ടു .ആറ്റു തീരത്തു എക്കൽ അടിഞ്ഞു ഇതെല്ലാം കവിയൂർ പഞ്ചായത്തിന്റെ 9 ,10 ,11 വാർഡുകളെ നാളുകളോളം പ്രശ്നത്തിലാക്കി കൊണ്ടിരിക്കുന്ന വസ്തുതകളാണ്. റോഡിന്റെ തെക്ക്ഭാഗത്ത് മനക്കച്ചിറയ്ക്ക് സമീപം സാമാന്യം ഉയരത്തിൽ പണിതിട്ടുള്ള ചില വീടുകൾ ഉണ്ട്.പഴയ കാലത്തു വെള്ളപ്പൊക്കത്തിന്റെ ലെവൽ കണ്ടു പൂർവികർ ആറ്റുവെള്ളം വീടിനുള്ളിൽ കയറാതിരിക്കാനുള്ള സൗകര്യത്തിൽ പണികഴിപ്പിച്ചിട്ടുള്ള വീടുകളാണവ.ഇപ്പോഴാകട്ടെ അവിടുത്തെ താമസക്കാർ ആയിരിക്കും ആദ്യം വെള്ളത്തിലാകുക.
ഞാൻ ചീപ്പിനെ കുറിച്ച് എഴുതിയപ്പോൾ ആറിന്റെ തീരത്തു താമസിച്ചവരിൽ ചിലർ അവരുടെ ബുദ്ധിമുട്ടുകൾ സൂചിപ്പിച്ചതുകൊണ്ടാണ് ഇത്രയും അധികമായി എഴുതാൻ ഇടയായതും
ചീപ്പിന്റെ വിഷയത്തിൽ നിന്നും മാറി അല്പം സഞ്ചരിക്കേണ്ടി വന്നതും. മണിമലയാറ്റിൽ ആറ്റുമൊയപ്പിൽ നിന്നാണ് വലിയ തോട്ടിലേക്ക് (കുറ്റപ്പുഴ തോട് )വെള്ളം കയറുന്നത് എന്ന് പറഞ്ഞിരുന്നല്ലോ !ആറ്റിൽ വെള്ളം ഉയരുമ്പോൾ ചീപ്പ് താഴ്ത്തും.ആറ്റിൽ നിന്നുള്ള വെള്ളം പൊങ്ങുന്നതനുസരിച്ചു ചീപ്പിൽ വന്നു മുട്ടിനിന്നു ആറ്റിലെ വെള്ളത്തിൻറെ അതേ അളവിൽ ഉയർന്നു നില്കും.ചീപ്പിന്റെ മറുഭാഗം താഴ്ന്നും നില്ക്കും.ഒരു ഡാമിന്റെപ്രക്രിയയാണ് ഇവിടെ ചീപ്പ് നടത്തുന്നത് .ഈ സമയം മത്തിമല ,മുരിങ്ങകുന്നുമല,പുളിയക്കമല ,പോളച്ചിറ ,കവിയൂർ, ആഞ്ഞിലിത്താനം തുടങ്ങിയ പ്രദേശത്തുനിന്നും ഒഴുകി എത്തുന്ന പെയ്ത്തുനീര് കവിയൂർ പുഞ്ചയുടെ പ്രാന്ത പ്രദേശത്തു വന്നടിയും.ആറ്റിലെ വെള്ളം താഴുമ്പോൾ ചീപ്പ് തുറന്നു ഈ സംഭരിച്ച വെള്ളം ഒഴുക്കിവിടുകയായിരുന്നല്ലോ പതിവു രീതി. മീൻ പിടുത്തം, റിപ്പയറിങ് ഇല്ലാഴിക എന്നിവ ചീപ്പിനു ഇടതുവശം ഉള്ളവരുടെ ദൈനംദിന ജീവിതം താളം തെറ്റിച്ചു.
ജനകീയാസൂത്രണം പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും തുടങ്ങുന്നതിനുമുമ്പ് ഈ ചീപ്പിന്റെ മേൽനോട്ടം മൈനർ ഇറിഗേഷൻ ഡിപ്പാർട്ടമെന്റ് കവിയൂർ പുഞ്ച പാടശേഖരസമതിയെ മേൽനോട്ടത്തിനായി ചുമതലപ്പെടുത്തിയിരുന്നു എന്നാണറിയുന്നത്.അന്തരിച്ച വാഴുവേലിൽ രാമചന്ദ്ര കുറുപ്പുസാർ പ്രസിഡന്റും അന്തരിച്ച മാവേലിൽ സി.പി.കുര്യൻ സാറും സെക്രട്ടറി ആയിരുന്ന സമിതിയാണ് കവിയൂർ പാടശേഖരസമതിയെ നയിച്ചിരുന്നത്. കൃഷിയുടെയും ഇതിനോട് അനുബന്ധമായ ലിഫ്റ്റ് ഇറിഗേഷന്റെയും ചീപ്പിന്റെയും ഉത്തരവാദിത്വം പാടശേഖരസമിതി വഹിച്ചിരുന്ന കാലം !
ആ കാലഘട്ടത്തിൽ കർഷകർ നേരിട്ട് കൃഷി ചെയ്തിരുന്നു .
ഏതാണ്ട് 30 -35 വർഷങ്ങൾക്കു മുൻപ് ഇവർ ചീപ്പിന്റെ അറ്റകുറ്റ പണി വൃത്തിയായി ചെയ്യിച്ചിരുന്നു.അപ്പോൾ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഇത്തരം ആവശ്യങ്ങൾക്കുള്ള പണം പാടശേഖര സമിതിക്കു നൽകുകയായിരുന്നു എന്നാണ് പലരിൽ നിന്നും എനിക്ക് അറിയാൻ കഴിഞ്ഞത്.ജനകീയാസൂത്രണം ആരംഭിച്ച ശേഷം ഇതിന്റെ ചുമതല മുനിസിപ്പാലിറ്റിക്കും പഞ്ചായത്തിനും കൈമാറിയതായി അറിയുന്നു.മൈനർ ഇറിഗേഷൻഡിപ്പാർട്ട്മെന്റ് മേൽനോട്ടം മാത്രമായി തുടർന്നു. എന്നാൽ മൈനർ ഇറിഗേഷൻ ചെയ്യും എന്ന കരുതലിൽ മുനിസിപ്പാലിറ്റിയും പഞ്ചായത്തും ചീപ്പിന്റെ മെയിന്റൻസിനാകട്ടെ പണം വക ഇരുത്തുകയും ഇല്ല .
ചീപ്പ് പൊക്കാനാകട്ടെ മൂന്നാളിന്റെ പണിയാണ് താനും! പഴയ ലോറിയുടെ ക്രൗൺ ആണ് ചീപ്പിന്റെ ഷട്ടർ ഉയർത്താനുള്ള പ്രധാന ഉപകാരണമായി ഉപയോഗിക്കുന്നത് .ലോറിയുടെ ക്രൗണിന് 50-60 ചുറ്റുകാണും.ഈ ക്രൗണിൻറെ പിരി ഒരു ചുറ്റു കറങ്ങി എങ്കിലേ ഒരടിയെങ്കിലുംചീപ്പ് ഉയരുകയും ഉള്ളു. ചീപ്പ് ഉയർത്താൻ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ ഉയർത്തുന്നവർ ചീത്ത പറയുമ്പോൾ അല്പം ഗ്രീസ് ഇട്ടു ഇറിഗേഷൻ ഡിപ്പാർട്ടമെന്റ് തടി തപ്പും!
ശിവകുമാർ അമൃതകല
(തുടരും )
അടുത്ത അധ്യായം ബുധനാഴ്ച്ച 7 pm ന്


