സഹായഹസ്തം നീട്ടിയവർക്ക് നന്ദി പറഞ്ഞ് അഭിനവിൻ്റെ മാതാപിതാക്കൾ എത്തി
തലവടി : സ്കൂളിൻ്റെ മുറ്റത്ത് ഓടി കളിച്ചു നടക്കേണ്ട പ്രായത്തിൽ മാരക രോഗം പിടിപ്പെട്ട തങ്ങളുടെ മകന്റെ ജീവൻ രക്ഷിക്കാൻ ഒന്നിച്ച ജനങ്ങളോടും മാധ്യമ പ്രവർത്തകർക്കും നന്ദി പറയുവാൻ അവർ എത്തി; തൊഴുകൈകളോടെ, നിറഞ്ഞ മനസ്സോടെ. കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷ്, ഭാര്യ സനിലകുമാരി എന്നിവരാണ് പി. എസ് സിന്ദുവിനോടാപ്പം പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി ഇടിക്കുളയെ സന്ദർശിച്ച് നന്ദി പറയുവാൻ എത്തിയത്.

ഇവരുടെ മൂത്ത മകൻ അഭിനവ് (12) കഴിഞ്ഞ 8 മാസമായി അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ചികിത്സയിൽ ആയിരുന്നു. 2023 നവംബർ 6ന് ആണ് അഭിനവിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നത്. വിദഗ്ദ്ധ പരിശോധനയിൽ ശസ്ത്രകിയ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് നിസ്സഹായ അവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ കുടുംബത്തെ സഹായിക്കാൻ എടത്വാ തലവടി എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജന പ്രതിനിധികളുടെ നേതൃത്വത്തിൽ അഭിനവ് ചികിത്സ സഹായ സമിതി രൂപീകരിക്കുകയും 2024 ജനുവരി 13ന് ഭവനങ്ങൾ സന്ദർശിച്ച് ശസ്ത്രക്രിയക്ക് ആവശ്യമായ തുക സംഘാടക സമിതി പ്രവർത്തകർ സമാഹരിച്ച് നല്കുകയും ചെയ്തു.


കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സുമനസ്സുകൾ മുന്നോട്ടു വന്നതുമൂലം അഭിനവിന്റെ ശസ്ത്രക്രിയയ്ക്ക് പണം തടസ്സമായില്ല. 2024 ജനുവരി 19ന് ശസ്ത്രക്രിയ വിജയകരമായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ നടന്നു. തുടർന്ന് 6 മാസത്തെ ചികിത്സയും പൂർത്തീകരിച്ചാണ് 8 മാസങ്ങൾക്കു ശേഷം അഭിനവും മാതാപിതാക്കളും സ്വന്തം വീട്ടിലെത്തിയിരിക്കുന്നത്. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ അഭിനവിൻ്റെ ജീവൻ രക്ഷിക്കാൻ പ്രയത്നിച്ച ഏവരോടും അഭിലാഷും സനിലകുമാരിയും നന്ദി അറിയിച്ചു. അഭിനവിന് അണുബാധ ഉണ്ടാകാതിരിക്കാൻ ഭവനത്തിലേക്ക് സന്ദർശനാനുമതി ഇല്ലയെങ്കിലും ഓണത്തിന് ശേഷം അഭിനവിനെ സ്കൂളിൽ അയയ്ക്കാനാണ് മാതാപിതാക്കളുടെ തീരുമാനം.

എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. അഭിനവ് ഹോസ്പിറ്റലിൽ കഴിഞ്ഞ സമയത്ത് ഇന്ത്യൻ തപാൽ വകുപ്പിന്റെ പ്രത്യേക പദ്ധതിയിലൂടെ വിഷുകൈ നീട്ടം അഭിനവീന് ഡോ ജോൺസൺ വി.ഇടിക്കുള അയച്ചു കൊടുത്തിരുന്നു. തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിയാണ് അഭിനവിന്റെ പിതാവ് അഭിലാഷ്. പൂർവ്വ വിദ്യാർത്ഥികളും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് ചികിത്സാ സഹായ ധനം നല്കിയിരുന്നു. മറ്റൊരുവന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്ക് കാരണം തങ്ങളാണെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന സംതൃപ്തിയാണ് ഏറ്റവും വലിയ സന്തോഷമെന്ന് ഡോ. ജോൺസൺ വി ഇടിക്കുള പറഞ്ഞു. അഭിനവിൻ്റെ തുടർ ചികിത്സയ്ക്ക് സഹായിക്കാൻ താത്പര്യമുള്ളവർക്ക് 8089562577 എന്ന ഗൂഗിൾ പേ നമ്പറിലേക്ക് സഹായം അയയ്ക്കാവുന്നതാണ്.


