മല്ലപ്പള്ളി – ജനപങ്കാളിത്തത്തോടെയും ചിട്ടയായും മല്ലപ്പള്ളി താലൂക്ക്തല അദാലത്ത് സംഘടിപ്പിക്കാനായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കരുതലും കൈതാങ്ങും മല്ലപള്ളി താലൂക്ക് തല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വര്‍ഷങ്ങളായി പരിഹരിക്കാനാകാത്ത പരാതികൾ പരിഹരിക്കപ്പെടുന്നത് അദാലത്തിന്റെ വിജയമാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരിഹാരം കാണേണ്ടതായതിനാൽ ജില്ലാ തല വകുപ്പ് ഉദ്യോഗസ്ഥർ അദാലത്തിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ പരിഗണിച്ച 128 പരാതികളില്‍ 98 പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കി. തീരുമാനം എടുത്ത 30 പരാതികളിൽ നടപടി സ്വീകരിക്കുന്നതിന് വകുപ്പുകൾക്ക് കൈമാറി. പുതിയതായി 63 പരാതികൾ ലഭിച്ചു.
പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കും.
ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. 71 എണ്ണം. കെട്ടിട നമ്പർ ലഭ്യമാക്കുന്നതിനും അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നതുമായുള്ള പരാതികളും ലഭിച്ചു. 11 ഗുണഭോക്താക്കള്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ വിതരണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.


